കൊറോണ വൈറസിന്റെ രണ്ടാം തരംഗം വാഹന മേഖലയില്‍ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഗ്യ വ്യാപനം കണക്കിലെടുത്ത് പ്ലാന്റുകളില്‍ തൊഴിലാളികള്‍ എത്താതിരുന്ന സാഹചര്യവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവസ്ഥ കണക്കിലെടുത്ത് സമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ഇറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് റെനോ-നിസാന്‍ ഇന്ത്യ. 

റെനോ-നിസാന്‍ ഇന്ത്യയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാന തമിഴ്‌നാട്ടിലെ സര്‍ക്കാരിനോടാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ തമ്മിലുള്ള അകലം മൂന്ന് അടിയിലേക്ക് ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് റെനോ-നിസാന്‍ കോടതിയില്‍ അറിയിച്ചിരുന്നു. മറ്റ് നിര്‍മാതാക്കളുടെ രീതിയാണ് കമ്പനിയും പിന്തുടരുന്നതെന്നും അവര്‍ അറിയിച്ചു. 

കമ്പനിയുടെ ഹര്‍ജിക്ക് എതിരേ കോടതിയെ സമീപിക്കുമെന്നാണ് റെനോ-നിസാന്‍ ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ മേധാവി അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ സുരക്ഷിതരല്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടാണ് കമ്പനിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്നും സുരക്ഷിതമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് വര്‍ക്കേഴ്‌സ് യൂണിയന്റെ ആവശ്യം. 

വാഹന നിര്‍മാണ ശാലയില്‍ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റെനോ-നിസാന്‍ ഇന്ത്യയുടെ പ്ലാന്റിലെ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇത് പരിഹരിച്ച് കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ പ്ലാന്റ് വീണ്ടും തുറന്നത്. റെനോ-നിസാന്‍ കമ്പനിക്ക് പുറമെ, ഹ്യുണ്ടായി മോട്ടോഴ്‌സ്, ഫോര്‍ഡ് ഇന്ത്യ തുടങ്ങിയ കമ്പനികളിലും സമാനമായ പ്രതിസന്ധികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

നൂറ് കണക്കിന് ആളുകള്‍ തൊഴില്‍ ചെയ്യുന്ന മേഖലയാണ് വാഹന നിര്‍മാണ പ്ലാന്റ്. തമിഴ്‌നാട്ടിലെ പല കമ്പനികളുടെ വാഹന നിര്‍മാണ യൂണിറ്റുകളില്‍ നിരവധി ആളുകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാകുകയും മരണം വരെ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ വാഹന നിര്‍മാണ യൂണിറ്റിലാണ് ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നുമാണ് വിലയിരുത്തലുകള്‍.

Source: Reuters

Content Highlights: Renault-Nissan India Wants Government To Make Social Distancing Rule