ന്ത്യയില്‍ പത്താം വാര്‍ഷികത്തിന്റെ നിറവിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കമ്പനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായ ക്വിഡിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ. ക്വിഡ് മൈ21 എന്ന് പേരില്‍ ഒമ്പത് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 4.06 ലക്ഷം രൂപ മുതല്‍ 5.51 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇന്ത്യന്‍ ഹാച്ച്ബാക്കുകളില്‍ ഗെയിം ചെയ്ഞ്ചറായിരിക്കും ഈ വാഹനമെന്നാണ് റെനോ അവകാശപ്പെടുന്നത്. 

റെനോ ക്വിഡ് ക്ലൈമ്പറിന് സമാനമായ രൂപത്തിലും ഭാവത്തിലുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് എക്‌സ്റ്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. ഹെഡ്‌ലൈറ്റിന് സമീപവും സ്‌കിഡ് പ്ലേറ്റിലും ഓറഞ്ച് നിറത്തിലുള്ള ആക്‌സെന്റുകള്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്. ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീല്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന റിയര്‍വ്യൂ മിറര്‍, ബ്ലാക്ക് റൂഫ് എന്നിവയാണ് ക്വിഡിന്റെ ഈ പ്രത്യേക പതിപ്പിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍.

ക്വിഡിന്റെ റെഗുലര്‍ മോഡലുകള്‍ക്കും ക്ലൈമ്പറിനും സമാനമായാണ് ഈ മോഡലിന്റെ അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്‌റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫാബ്രിക് സീറ്റുകള്‍, എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്ന ഫീച്ചറുകള്‍. സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് എയര്‍ബാഗ് നല്‍കിയിട്ടുള്ളതും ഈ വാഹനത്തിലെ ഹൈലൈറ്റാണ്.

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പും എത്തിയിട്ടുള്ളത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 54 ബി.എച്ച്.പി. പവറും 72 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 68 ബി.എച്ച്.പി. പവറും 91 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവലും എ.എം.ടിയുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 0.8 ലിറ്റര്‍ മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 

പുതിയ വാഹനത്തിന്റെ അവതരണത്തിന് പുറമെ, പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി ഓഫറുകളും റെനോ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസം മുഴുവന്‍ ഈ അനുകൂല്യമുണ്ടാകും. ഇതിനൊപ്പം 10 ലോയലിറ്റി റിവാഡിലൂടെ 1,10,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Content Highlights: Renault Launches The All New Kwid My21 As Part Of 10th Anniversary Celebration