ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ വാഹനലോകം. ഈ മാറ്റത്തില്‍ പങ്കാളിയാകാനുള്ള തയാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയും. റെനോയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഇലക്ട്രിക് വാഹനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ക്വിഡ് ആയിരിക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ നിരത്തില്‍ ഏറെ ശ്രദ്ധനേടിയ ചെറുകാറാണ് ക്വിഡ്. രണ്ട് എന്‍ജിന്‍ ഓപ്ഷനിലും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സിലും ക്വിഡ് പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും ക്വിഡ് ഇലക്ട്രിക് കാര്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
നിലവില്‍ ചൈനയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഇലക്ട്രിക് ക്വിഡ് ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ എത്തിക്കുക. എന്നാല്‍, ഇലക്ട്രിക് ക്വിഡിന്റെ പെര്‍ഫോര്‍മെന്‍സ്, എന്‍ജിന്‍, വില തുടങ്ങിയ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ നിര്‍മിത സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും ഇലക്ട്രിക് ക്വിഡ് നിര്‍മിക്കുക. എന്നാല്‍, ഇതിനുള്ള ബാറ്ററിയും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും ചൈനയിലാണ് വികസിപ്പിക്കുന്നത്. ചൈനയില്‍ പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തിലും ഇലക്ട്രിക് ക്വിഡ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.