ക്വിഡിലൂടെ ഇലക്ട്രിക് കാറുകളിലേക്ക് ചുവടുവയ്ക്കാന്‍ ഒടുവില്‍ റെനോയും തീരുമാനിച്ചു. മറ്റ് പല കമ്പനികളെയും പോലെ റെനോയും അവരുടെ ഏറ്റവും ചെറിയ വാഹനത്തെ തന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒട്ടുമിക്ക കമ്പനികളും അവരുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 

പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കാറിന് റെനോ കെ-ഇസഡ്ഇ കണ്‍സെപ്റ്റ് എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന കണ്‍സെപ്റ്റ് വാഹനത്തെ കൂടുതല്‍ സ്റ്റൈലിഷാക്കിയിട്ടുണ്ട്. 

ചൈനീസ് വാഹന വിപണിയില്‍ കുറഞ്ഞ ചിലവില്‍ ഇലക്ട്രിക് വാഹങ്ങള്‍ പുറത്തിറക്കിയ ഇ-ജിടി ന്യു എനര്‍ജി ഓട്ടോമോട്ടീവ് എന്ന കമ്പനിയുമായി ചേര്‍ന്നായിരിക്കും റെനോയുടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. ഡോങ്‌ഫെങ് മോട്ടോര്‍ ഗ്രൂപ്പിന്റെയും നിസാന്റെയും സംയുക്ത സംരംഭമാണ് ഇ-ജിടി ന്യൂ എനര്‍ജി.

ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് വിവരം. ഇതിന് പുറമെ, വീട്ടില്‍നിന്നും പുറത്തുനിന്നും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഡുവര്‍ ചാര്‍ജിങ് സംവിധാനവും ഊ വാഹനത്തില്‍ നല്‍കുന്നുണ്ട്.

മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം ആരംഭിച്ച് കഴിഞ്ഞു. മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഗണര്‍ 2020-ല്‍ നിരത്തിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് റെനോയും കുഞ്ഞന്‍ കാറിനെ ഇലക്ട്രിക് ആക്കുന്നത്.