ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള കുഞ്ഞന്‍ ഹാച്ച്ബാക്ക് മോഡലാണ് ക്വിഡ്. മാരുതി, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് ശക്തമായ മത്സരം സമ്മാനിച്ച് കുതിക്കുന്ന ഈ വാഹനം പുതിയ ഒരു നേട്ടത്തിന്റെ നിറവിലാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനോടകം ക്വിഡ് ഹാച്ച്ബാക്കിന്റെ നാല് ലക്ഷം യൂണിറ്റ് എത്തിച്ചാണ് റെനോ ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയ നേട്ടം കുറിച്ചിരിക്കുന്നത്. 

ഇതോടെ റെനോയിക്ക് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നേട്ടമുണ്ടാക്കിയ വാഹനമെന്ന വിശേഷണം ക്വിഡിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2015-ലാണ് റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. റെനോയുടെ വാഹനനിരയിലെ ഗെയിം ചേഞ്ചറായിരുന്നു ക്വിഡ് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. വിപണിയില്‍ എത്തി ആറ് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം എന്ന വലിയ അക്കം കീഴടക്കിയതോടെ റെനോയുടെ ഈ അഭിപ്രായം ഒരുക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്.

റെനോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് കമ്പനിക്ക് ഈ നേട്ടമുണ്ടായിരിക്കുന്നത്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ക്വിഡിന്റെ ആനിവേഴ്‌സറി എഡിഷന്‍ പതിപ്പ് MY 2021 റെനോ അടുത്തിടെ വിപണിയില്‍ എത്തിച്ചിരുന്നു. നാല് ലക്ഷം എന്ന മാജിക്ക് നമ്പര്‍ തികയുന്ന വാഹനത്തിന്റെ താക്കോള്‍ റെനോ സെയില്‍സ് & സര്‍വീസ് വിഭാഗം മേധാവി സുധീര്‍ മല്‍ഹോത്രയാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയത്. 

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലായി ഒമ്പത് വേരിയന്റുകളിലാണ് റെനോ ക്വിഡ് വിപണിയില്‍ എത്തിയിട്ടുള്ളത്. സെഗ്‌മെന്റില്‍ തന്നെ മികച്ച ഡിസൈനിനൊപ്പം സെഗ്‌മെന്റില്‍ തന്നെ ആദ്യത്തെയും പുതുതലമുറ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ക്വിഡ് അവതരിപ്പിച്ചിട്ടുള്ളത്. ക്വിഡിന്റെ 0.8 ലിറ്റര്‍ മോഡലിന് 4.11 ലക്ഷം രൂപ മുതല്‍4.71 ലക്ഷം രൂപ വരെയും 1.0 ലിറ്റര്‍ മോഡലിന് 4.95 ലക്ഷം രൂപ മുതല്‍ 55.62 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് നിരത്തിലെത്തുന്നത്. 0.8 ലിറ്റര്‍ എന്‍ജിന്‍ 54 ബി.എച്ച്.പി. പവറും 72 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 68 ബി.എച്ച്.പി. പവറും 91 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവലും എ.എം.ടിയുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 0.8 ലിറ്റര്‍ മോഡലില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 

Content Highlights: Renault Kwid Achieves Another Milestone,Cross 40,00,00 Sales In India, Renault Kwid, Renault Cars