കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ ഡസ്റ്റര്‍ എന്ന മോഡല്‍ നല്‍കിയ അപരാജിത കുതിപ്പിന് ശേഷം ഇന്ത്യന്‍ നിരത്തില്‍ റെനോയുടെ കൊടിപാറിച്ച മോഡലായിരുന്നു ക്വിഡ്. എന്‍ട്രി ലെവല്‍ കോംപാക്ട് ഹാച്ച്ബാക്ക് ശ്രേണിയില്‍ റെനോ 2015-ല്‍ പുറത്തിറക്കിയ 800 സി.സി ക്വിഡ് ചുരുങ്ങിയ കാലയളവില്‍തന്നെ വിപണി കീഴടക്കിയിരുന്നു. ചെറുകാര്‍ ശ്രേണിയില്‍ രാജ്യത്ത് വര്‍ഷങ്ങളായി വമ്പന്‍മാരായി മുന്നേറിയിരുന്ന മാരുതി ഓള്‍ട്ടോയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിയുള്ള കുതിപ്പാണ് ക്വിഡിലൂടെ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ സ്വന്തമാക്കിയത്. ഈയൊരു അത്മവിശ്വാസത്തിലാണ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെ കരുത്ത് അല്‍പ്പം വര്‍ദ്ധിപ്പിച്ച് പുതിയ 1 ലിറ്റര്‍ ക്വിഡിനെ റെനോ പുറത്തിറക്കിയിരിക്കുന്നത്. 

kwid

കുറഞ്ഞ വിലയില്‍ എസ്.യു.വി വാഹനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രൂപഭംഗിയാണ് ക്വിഡിനെ ഇത്രയധികം ജനപ്രിയമാക്കിയത്. രാജ്യത്തെ ഭൂരിഭാഗം വരുന്ന മീഡില്‍ ക്ലാസ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി അതിനനുയോജ്യമായ മോഡലുകള്‍ പുറത്തിറക്കാന്‍ റെനോ ശ്രമിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമായിതന്നെ പുതിയ 1000 സിസി ക്വിഡിനെ കാണാം. എഞ്ചിനിലൊഴികെ കേവലം രണ്ടു മാറ്റങ്ങള്‍ മാത്രമാണ് മുന്‍ മോഡലില്‍നിന്ന് പുതിയ ക്വിഡില്‍ കമ്പനി വരുത്തിയിട്ടുള്ളത്. അധികം പണച്ചെലവില്ലാത്തതാണ് ഈ രണ്ടു മാറ്റങ്ങളും. ഇരുവശങ്ങളിലും നല്‍കിയ ചെക്ക് ഫ്‌ളാഗ് ഡിസൈനിലുള്ള ഗ്രാഫിക്‌സാണ് ആദ്യത്തെത്, ഡബിള്‍ ടോണ്‍ റിയര്‍വ്യൂ മിററും ക്വിഡിന് പുതുമ നല്‍കുന്നു. 

  • എക്സ്റ്റീരിയര്‍ 

കുട്ടി ഡസ്റ്റര്‍ ലുക്കില്‍ നേരത്തെ പറഞ്ഞ രണ്ടു മാറ്റങ്ങളൊഴിച്ച് മറ്റെല്ലാം മുന്‍ മോഡലിന് സമാനമാണ്. വന്‍ സ്വീകാര്യത ലഭിച്ച മോഡലായതിനാലാകണം ചെറിയ മാറ്റങ്ങള്‍ക്ക് പോലും കമ്പനി മുതിരാതിരുന്നത്. എങ്കിലും പ്രകടമായ വല്ല മാറ്റവും എക്സ്റ്റീരിയര്‍ ലുക്കില്‍ കമ്പനിക്ക് വരുത്താമായിരുന്നു. എന്തായാലും നാലു ലക്ഷം ബഡ്ജറ്റുള്ള ഒരു കാറില്‍ ലഭിക്കാവുന്നതിലും ഏറെ ആകര്‍ഷണം ക്വിഡില്‍ കൊണ്ടുവരാന്‍ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ ഭാഗം വലിയൊരു എസ്.യു.വി പരിവേഷമാണ് ക്വിഡിന് നല്‍കുന്നത്.

kwid 1000cc

ഡസ്റ്ററിന്റെ യൂറോപ്പിലെ രൂപമായ ഡാസിയ ഡസ്റ്ററിന് സമാനമായ ഗ്രില്ലുകള്‍ വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതാണ്. വലിയ സ്‌ക്വയര്‍ ടൈപ്പ് ഹെഡ് ലൈറ്റും തടിച്ച ബമ്പറും ചെറിയ ഫോഗും ലാമ്പും വാഹനത്തിന്റെ താരമൂല്യം വര്‍ദ്ധിപ്പിക്കുന്നു. വശങ്ങളിലെ വീല്‍ ആര്‍ച്ചും സൈഡ് ലൈനുകളും ക്വിഡിനെ ഈ ശ്രേണിയില്‍ വേറിട്ടുനിര്‍ത്തുന്നുണ്ട്‌. വാഹനത്തിന്റെ പിന്‍ഭാഗവും മനോഹരമായാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറിയ ടെയില്‍ ലാമ്പിനൊപ്പം പിറകിലേക്ക് തള്ളി നില്‍ക്കുന്ന പിന്‍ഭാഗവും വാഹനത്തെ വ്യത്യസ്തമാക്കുന്നു. 

  • ഇന്റീരിയര്‍ 

എക്‌സ്റ്റീരിയര്‍ ലുക്ക് വാഹനത്തിന് നല്‍കുന്ന ഗാഭീര്യം ഉള്‍വശത്തേക്കും കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ബ്ലാക്ക് നിറത്തിന് പ്രാധാന്യം നല്‍കിയാണ് അകത്തളം റെനോ ഒരുക്കിയിരിക്കുന്നത്. ഈ സെഗ്മെന്റിലെ മുഖ്യ എതിരാളികളായ മാരുതി സുസുക്കി കെ 10, വാഗണ്‍ ആര്‍, ഹ്യുണ്ടായി ഇയോണ്‍ എന്നിവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ബ്ലുട്ടൂത്ത് സൗകര്യമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഉള്‍വശത്തെ പ്രധാന ആകര്‍ഷണം.

kwid

ഡാഷ്‌ബോര്‍ഡിലും ഡോറിലുമായി ധാരാളം സ്‌റ്റോറേജ് സ്‌പേസുമുണ്ട്. വലിയ ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോളും മികച്ചതാണ്. റെഡും ബ്ലാക്കും ചേര്‍ന്ന സീറ്റുകളും വാഹനത്തിന് ചേരുന്ന സ്റ്റൈലിലാണ്. സാമാന്യം മികച്ച ലെഗ് സ്‌പേസും 2422 എംഎം വീല്‍ ബേസും പിന്‍സീറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ ശ്രേണിയിലെ എതിരാളികളെക്കാള്‍ ബൂട്ട് സ്‌പേസ് കൂടുതലുണ്ട് ക്വിഡില്‍, 300 ലിറ്റര്‍. പിറകിലെ സീറ്റ് ഫ്‌ളാറ്റായി മടക്കി കൂടുതല്‍ ലഗേജ് സ്‌പേസ് കണ്ടെത്തുകയും ചെയ്യാം. 

  • പെര്‍ഫോമെന്‍സ്

ലുക്കില്‍ ക്വിഡ് ഒന്നാമനാണെങ്കിലും പെര്‍ഫോമെന്‍സില്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്കുള്ള വൈബ്രേഷനെന്ന ദുഷ്‌പേര് പുതിയ ക്വിഡിനുമുണ്ട്. എങ്കിലും ഈ ശ്രേണിയിലെ മറ്റു ത്രീ സിലിണ്ടര്‍ കാറുകള്‍ക്കും വൈബ്രേഷന്‍ കൂടെപ്പിറപ്പായതിനാല്‍ ക്വിഡിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. വൈബ്രേഷന്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സിറ്റി ഡ്രൈവിങിന് കൂടുതല്‍ ഇണങ്ങുന്ന മോഡലാണ് ക്വിഡ്. 1000 സിസി എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 68 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്.

kwid

23 ലിറ്ററിന്റെ മികച്ച ഇന്ധന ക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ക്രാഷ് ടെസ്റ്റും മറ്റു സുരക്ഷ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ പുതിയ മോഡലില്‍ സുരക്ഷയ്ക്കും അല്‍പം മുന്‍തൂക്കം കമ്പനിക്ക് നല്‍കാമായിരുന്നു. ഡ്രൈവര്‍ സൈഡില്‍ മാത്രമാണ് വാഹനത്തില്‍ എയര്‍ബാഗുള്ളത്. എബിഎസ് ബ്രേക്കിങ്, റിട്രാക്ടബില്‍ സീറ്റ് ബെല്‍റ്റ്, പിന്‍ സീറ്റില്‍ പവര്‍ വിന്‍ഡോ എന്നിവ വാഹനത്തിലില്ല. 5 ലക്ഷം ബഡ്ജറ്റിനു താഴെയുള്ള കാറില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കല്‍ ബുദ്ധിമുട്ടാണെങ്കിലും റെനോ അടക്കമുള്ള കമ്പനികള്‍ സുരക്ഷയ്ക്ക് ഇനിയും മുന്‍തൂക്കം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.  

  • വില

ക്വിഡ് ആര്‍.എക്.സ്ടി, ആര്‍.എക്‌സ്.ടി ഓപ്ഷണല്‍ എന്നീ രണ്ടു മോഡലുകളുമായാണ് 1 ലിറ്റര്‍ ക്വിഡിനെ റെനോ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍.എക്‌സ്.ടിക്ക് 3.82 ലക്ഷവും ഓപ്ഷണലിന് 3.95 ലക്ഷവുമാണ് വിപണി വില. ഏതാണ്ട് 98 ശതമാനത്തോളം ലോക്കല്‍ പാര്‍ട്ട്‌സ് ഉപയോഗിച്ച് നിര്‍മിച്ചതിനാലാണ് വില ഇത്രയധികം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചത്. റോഡ് ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാമായി ഏകദേശം 5 ലക്ഷം രൂപയ്ക്കുള്ളില്‍ സ്വന്തമാക്കാവുന്ന മികച്ചൊരു വാഹനത്തിന്റെ ഗണത്തില്‍തന്നെ 1 ലിറ്റര്‍ ക്വിഡിനെ ഉള്‍പ്പെടുത്താം.