ന്ത്യയിലെ കോംപാക്ട് എസ്.യു.വികളിലെ രാജാവാകാന്‍ റെനോയുടെ കിഗര്‍ എസ്.യു.വി. എത്തുന്നു. എച്ച്.ബി.സി എന്ന കോഡ്‌നാമത്തില്‍ റെനോ പ്രദര്‍ശനത്തിനെത്തിച്ചിട്ടുള്ള കോംപാക്ട് എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിച്ചതിനൊപ്പം ഈ വാഹനത്തിന്റെ പേരും ഇന്ന്  ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2021-ഓടെ ഈ വാഹനം നിരത്തുകളില്‍ എത്തും.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറുതും വില കുറഞ്ഞതുമായ എസ്.യു.വിയായിരിക്കും കിഗര്‍ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെനോയുടെ എം.പി.വി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 

സ്‌പോര്‍ട്ടി ഭാവമായിരിക്കും കിഗറിനെന്നാണ് ആദ്യ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ചിറകുകളോട് സാമ്യമുള്ള ഗ്രില്ല്, നേര്‍ത്ത ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയിലുള്ള ഇൻഡിക്കേറ്റര്‍, റൂഫ് റെയില്‍, സി ഷേപ്പ് ടെയില്‍ലാമ്പ്, സ്റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കിഗറിന്റെ എക്സ്റ്റീരിയറിന് അഴകേകുന്നത്. 

Renault Kinger

ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്റീരിയർ ഡിസൈന്‍. സ്‌പേസാണ് ഇതിലെ ഹൈലൈറ്റ്. എന്നാല്‍, എ,സി വെന്റുകളുടെ ഡിസൈന്‍ പുതുമയുള്ളതാണ്. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ പുതുമ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്‌സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും. 

1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. സാധാരണ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സുകളും ടര്‍ബോ എന്‍ജിന്‍ മോഡലില്‍ മാനുവല്‍, സി.വി.ടി ഗിയര്‍ബോക്‌സുമായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുക. നിസാന്‍ മാഗ്‌നൈറ്റിലും ഇതേ എന്‍ജിനാണ് നല്‍കുന്നത്. 

എതിരാളികളുടെ നീണ്ട നിരയാണ് കിഗറിനെ കാത്തിരിക്കുന്നത്. ഫോര്‍ഡ് ഇക്കോസ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, വരാനിരിക്കുന്ന നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് കിഗറിന്‌ ഏറ്റുമുട്ടേണ്ടി വരിക.

Content Highlights: Renault Kiger: The All-New Head Turning, Smart & Exciting B-Suv To Be Launched In India