റെനോ കൈഗർ ഉപയോക്താക്കൾക്ക് കൈമാറുന്നു | Photo: Renault India
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച കോംപാക്ട് എസ്.യു.വി. മോഡലായ കൈഗറിന്റെ വിതരണം ആരംഭിച്ചു. ആദ്യദിനം രാജ്യത്തുടനീളമുള്ള 1100 ഉപയോക്താക്കള്‍ക്ക് വാഹനം കൈമാറിയാണ് ഡെലിവറിക്ക് തുടക്കമിട്ടിരിക്കുന്നത്. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.45 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.
റെനോയും നിസാനും സംയുക്തമായി നിര്‍മിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമാണ് കൈഗറിന് അടിസ്ഥാനമൊരുക്കുന്നത്. റെനോയുടെ മറ്റ് രണ്ട് മോഡലുകള്‍ക്കും നിസാന്‍ അടുത്തിടെ ഇന്ത്യയില്‍ എത്തിച്ച മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വിക്കും ഈ പ്ളാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. എന്നാല്‍, തികച്ചും പുതുമയുള്ള ഡിസൈനിലും കാര്യക്ഷമമായ ഫീച്ചറുകളുടെയും അടിസ്ഥാനത്തിലാണ് കൈഗര്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.
എതിരാളികളെക്കാള്‍ ഒട്ടും പിന്നിലല്ലാത്ത സൗന്ദര്യമാണ് കൈഗറിന്റെ മുഖമുദ്ര. റെനോയുടെ സിഗ്നേച്ചറായ വിങ്ങ്സ് ഷേപ്പിലുള്ള ക്രോമിയം പതിപ്പിച്ച ഗ്രില്ല്, ഇതിന് സമാന്തരമായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി.ഡി.ആര്.എല്‍, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍, സ്പ്ലിറ്റ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ക്ലാഡിങ്ങുകള്‍ എന്നിവ നല്‍കിയാണ് മുന്‍വശം അലങ്കരിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി വീലും, സില്‍വര്‍ ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള റൂഫ് റെയിലുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്.
റെനോ ട്രൈബറല് നില്കിയിരുന്ന ഫീച്ചറുകള്‍ എല്ലാം തന്നെ കൈഗറിലേക്കും പറിച്ചുനട്ടിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ പുതുതായി ഡിസൈന്‍ ചെയ്ത സെന്റര്‍ കണ്‍സോളും ഡാഷ്ബോഡും ഇതില്‍ ഒരുങ്ങും. സ്പേസാണ് ഇതിലെ ഹൈലൈറ്റ്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ പുതുമ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും.
മെക്കാനിക്കല്‍ ഫീച്ചറുകളും നിസാന്‍ മാഗ്നൈറ്റുമായി പങ്കിട്ടാണ് കൈഗര്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ് (എന്‍.എ), 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്ജിന് 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്ജിന് 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും.
Content Highlights: Renault Kiger Starts Delivery; 1100 Units Hand Over In First Day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..