ന്ത്യന്‍ നിരത്തുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി അടുത്തിടെ കൈവരിച്ച നേട്ടം കൂടെ പങ്കുവെച്ചിരിക്കുകയാണ് റെനോ. ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതി റെനോ അടുത്തിടെ നിരത്തുകളില്‍ എത്തിച്ച കൈഗറിന് ലഭിച്ചതാണ് റെനോയുടെ ആഘോഷത്തിന് ഇരട്ടിമധുരമേകുന്നത്. 

ഉയര്‍ന്ന നിലവാരത്തിലുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കൈഗറില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്റെ കരുത്തും കാര്യക്ഷമതയും മുമ്പ് തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍, അടുത്തിടെ എ.ആര്‍.എ.ഐ. ടെസ്റ്റിങ്ങ് സര്‍ട്ടിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 20.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് റെനോയുടെ കോംപാക്ട് എസ്.യു.വി. കൈഗര്‍ ഉറപ്പാക്കുന്നത്. 

കൈഗറില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ 100 പി.എസ്. പവറും 160 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. റെനോ യുറോപ്പില്‍ അവതരിപ്പിച്ചിട്ടുള്ള ക്ലിയോയിലും ക്യാപ്ചറിലും നല്‍കിയിട്ടുള്ള പല സാങ്കേതിക സംവിധാനങ്ങളും കൈഗറിലും നല്‍കിയിട്ടുണ്ടെന്നാണ് റെനോ അവകാശപ്പെടുന്നത്. 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 

അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളായ എ.എം.ടി, സി.വി.ടി. ഗിയര്‍ബോക്‌സുകളും ഇതില്‍ നല്‍കുന്നുണ്ട്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും കൈഗറിലുണ്ട്. RXE, RXL, RXT, RXT(O), RXZ എന്നീ അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.64 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും ഈ വാഹനം കയറ്റി അയയ്ക്കുന്നുണ്ട്.

Content Highlights; Renault  Kiger Offers The Best In Segment Mileage Of 20.5 KM/L