ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്ന കൈഗര്‍ എന്ന കോംപാക്ട് എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് 2021 ആദ്യം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എച്ച്.ബി.സി എന്ന കോഡ്‌നെയിമില്‍ പ്രഖ്യാപിച്ച ഈ വഹാനത്തിന്റെ കണ്‍സെപ്റ്റ് മോഡലിന്റെ അവതരണവും പേര് പ്രഖ്യാപനവും കഴിഞ്ഞ ദിവസമാണ് റെനോ നടത്തിയത്.
80 ശതമാനവും കണ്‍സെറ്റ് മോഡലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനായിരിക്കും പ്രൊഡക്ഷന്‍ പതിപ്പിനുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിക്കാം. നെനോ ഇന്ത്യയില്‍ എത്തിച്ചതില്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും ഇതെന്നാണ് വിലയിരുത്തലുകള്‍.
റെനോയുടെ എം.പി.വി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുക. സ്‌പോര്‍ട്ടി ഭാവത്തിലാണ് കണ്‍സെപ്റ്റ് മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. നേര്‍ത്ത ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍, എല്‍.ഇ.ഡിയിലുള്ള ഇന്‍ഡിക്കേറ്റര്‍, റൂഫ് റെയില്‍, സി ഷേപ്പ് ടെയില്‍ലാമ്പ്, സ്‌റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കൈഗറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.
ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്റീരിയര്‍ ഡിസൈന്‍. സ്പേസാണ് ഇതിലെ ഹൈലൈറ്റ്. എന്നാല്‍, എ,സി വെന്റുകളുടെ ഡിസൈന്‍ പുതുമയുള്ളതാണ്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ പുതുമ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും.
1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. സാധാരണ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, എ.എം.ടി ഗിയര്‍ബോക്സുകളും ടര്‍ബോ എന്‍ജിന്‍ മോഡലില്‍ മാനുവല്‍, സി.വി.ടി ഗിയര്‍ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുക.
Content Highlights: Renault Kiger Compact SUV Production Model To Be Unveil In Early 2021