റെനോയുടെ കൈഗര്‍ എന്ന മോഡലിനെ കണ്ടറിഞ്ഞ ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് അറിയാന്‍ ബാക്കിയുണ്ടായിരുന്നത് വില മാത്രമായിരുന്നു. ആഴ്ചകളോളം നീണ്ട ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് കൈഗര്‍ കോംപാക്ട് എസ്.യു.വിയുടെ വില റെനോ പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 5.45 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി കൈഗറിന്റെ ബുക്കിങ്ങും ആരംഭിച്ചു. 

RXE, RXL, RXT, RXZ എന്നിവയാണ് കൈഗര്‍ എസ്.യു.വിയുടെ വേരിയന്റുകള്‍. ഇതില്‍ RXZ, RXT വേരിയന്റുകള്‍ മാനുവല്‍, എ.എം.ടി, സി.വി.ടി. ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. RXL വേരിയന്റില്‍ എ.എം.ടി. മാത്രമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. എല്ലാ വേരിയന്റുകളും ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭ്യമാക്കുമെന്നാണ് റെനോ അറിയിച്ചിട്ടുള്ളത്. ഇതിന് റെഗുലര്‍ മോഡലിനെക്കാള്‍ 17,000 രൂപയാണ് അധിക വിലയെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

റെനോയുടെ തന്നെ അനുബന്ധ കമ്പനിയായ നിസാന്റെ മാഗ്‌നൈറ്റ് എന്ന മോഡലിന്റെ അതേ വിലയിലാണ് ഈ വാഹനവും എത്തിയിട്ടുള്ളത്. 5.49 ലക്ഷം രൂപയിലാണ് നിസാന്‍ മാഗ്‌നൈറ്റിന്റെ വില ആരംഭിക്കുന്നത്. ആഗോള നിരത്തുകളെയും ലക്ഷ്യമിട്ടാണ് റെനോ കൈഗര്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ വിപണിയില്‍ എത്തിക്കുന്നതിന് പിന്നാലെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കൈഗര്‍ വിദേശ നിരത്തുകളിലേക്കും എത്തിക്കുമെന്നാണ് റെനോ മുമ്പ് അറിയിച്ചിരുന്നത്. 

റെനോയും നിസാനും സംയുക്തമായി നിര്‍മിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമാണ് കൈഗറിന് അടിസ്ഥാനമൊരുക്കുന്നത്. റെനോയുടെ മറ്റ് രണ്ട് മോഡലുകള്‍ക്കും നിസാന്‍ അടുത്തിടെ ഇന്ത്യയില്‍ എത്തിച്ച മാഗ്നൈറ്റ് എന്ന കോംപാക്ട് എസ്.യു.വിക്കും ഈ പ്ളാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. എന്നാല്‍, തികച്ചും പുതുമയുള്ള ഡിസൈനിലും കാര്യക്ഷമമായ ഫീച്ചറുകളുടെയും അടിസ്ഥാനത്തിലാണ് കൈഗര്‍ നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. 

മെക്കാനിക്കല്‍ ഫീച്ചറുകളും നിസാന്‍ മാഗ്‌നൈറ്റുമായി പങ്കിട്ടാണ് കൈഗര്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ് (എന്‍.എ), 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Renault Kiger Compact SUV Launched; Price Announced