കോംപാക്ട് എസ്.യു.വി.കളുടെ കൂട്ടത്തിലേക്ക് റെനോയും എത്തുകയാണ്, 'കൈഗറി'നേയും കൊണ്ട്. ഇപ്പോള്‍ ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ നടക്കുന്ന ചെറു എസ്.യു.വി.കളുടെ ലോകത്തേക്കാണ് ആഗോളതലത്തില്‍ത്തന്നെ ഇന്ത്യയില്‍ കൈഗറിന്റെ പുറത്തിറക്കല്‍ നടന്നത്. ഇന്ത്യയിലെ അരങ്ങേറ്റത്തിനു ശേഷമായിരിക്കും കൈഗര്‍ കടല്‍കടക്കുക.

കാഴ്ചയിലെ പുതുമയാണ് കൈഗറിനെ വ്യത്യസ്ഥമാക്കുന്നത്. നിസാന്‍ 'മാഗ്‌നെറ്റ്', കിയ 'സോണെറ്റ്' തുടങ്ങി വിപണിയിലെ പുതു വമ്പന്‍മാര്‍ക്കൊപ്പം മാരുതി സുസുക്കി 'ബ്രെസ', ടാറ്റാ 'നെക്‌സണ്‍', ഹ്യുണ്ടായ് 'വെന്യു' തുടങ്ങിയവരും എതിരാളികളായിരിക്കും. ട്രൈബറും ഡസ്റ്ററുമുണ്ടാക്കിയ ഓളത്തിന്റെ വേഗം കൂട്ടാനാവും കൈഗറിന് എന്ന വിശ്വാസവുമായാണ് റെനോ നാല് മീറ്ററില്‍ താഴെയുള്ള അങ്കത്തിനൊരുങ്ങുന്നത്.

സി.എം.എഫ്.എ. പ്ലസ് പ്ലാറ്റ്‌ഫോമിലെത്തുന്ന കൈഗര്‍ ആകാരത്തിലാണ് വ്യത്യസ്തനാവുന്നത്. നിരത്തിലെത്തും മുമ്പേ വിപണിയുടെ ശ്രദ്ധ ആകര്‍ഷിച്ചതും അതുകൊണ്ടുതന്നെ. ചിറകു പോലുള്ള ഗ്രില്ലും അതിനോടു ചേര്‍ന്നുള്ള ഡി.ആര്‍.എല്ലും. ഗ്രില്ലിനു താഴെയായി മൂന്ന് പെട്ടികളിലായി ഒതുക്കിവെച്ച പ്രൊജക്ടഡ് ഹെഡ് ലാമ്പുമാണ് മുന്നിലെ പ്രത്യേകത. ഇത്രയും താഴ്ത്തിവച്ചിട്ടുള്ള ഹെഡ് ലാമ്പുകള്‍ തന്നെയാണ് പരമ്പരാഗത മുഖങ്ങളില്‍ നിന്ന് കൈഗറിനെ വേറിട്ടു നിര്‍ത്തുന്നത്. അതുപോലെ പിന്നിലെ ടെയില്‍ ലാമ്പുകളിലും വ്യത്യസ്തത കൊണ്ടുവരാന്‍ റെനോ ശ്രമിച്ചിട്ടുണ്ട്.

Renault Kiger

സ്‌പോര്‍ട്ടിയായ ഇന്റീരിയര്‍, 8 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, റിയര്‍ എ.സി. വെന്റ് തുടങ്ങിയ ഫീച്ചറുകളും ഉള്ളിലുണ്ട്.

ജാപ്പനിലെ റെനോയുടെ പങ്കാളിയായ നിസ്സാന്റെ മാഗ്‌നൈറ്റില്‍ നിന്ന് കടമെടുത്ത എച്ച്.ആര്‍.എ.ഒ. വണ്‍ ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈഗറിനേയും ചലിപ്പിക്കുന്നത്. 99 ബി.എച്ച്.പി.യോളം കരുത്തും 160 എന്‍.എം. വരെ ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള ഈ എന്‍ജിന് കൂട്ടായി മാനുവല്‍, എ.എം.ടി., സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

കൈഗറിന്റെ മികവില്‍ ഇന്ത്യയിലെ ഇതുവരെയുള്ള വാഹന വില്‍പ്പന 10 ലക്ഷം യൂണിറ്റില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെനോ. ഇതുവരെ ആറര ലക്ഷത്തോളം വാഹനങ്ങളാണ് റെനോ ഇന്ത്യയില്‍ വിറ്റത്.

Renault Kiger

Content Highlights: Renault Kiger Compact SUV