ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 10 വര്‍ഷം പിന്നിടുകയാണ്. ഏഴ് ലക്ഷം ഉപയോക്താക്കളുടെ നിറവിലാണ് കമ്പനി 10 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി റെനോ കൈഗറിന്റെ പുതിയ ഒരു പതിപ്പ് കൂടി ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിക്കുകയാണ് കമ്പനി.

കൈഗറിന്റെ RXT(O) എന്ന പുതിയ വേരിന്റാണ് റെനോ ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിട്ടുള്ളത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവല്‍ പതിപ്പാണ് റെനോ എത്തിച്ചിട്ടുള്ളത്. ഈ വാഹനത്തിന്റെ വില വരുംദിവസങ്ങളില്‍ വെളിപ്പെടുത്തും. പുതിയ പതിപ്പിനൊപ്പം നിലവിലുള്ള വാഹനങ്ങള്‍ക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

കൈഗറിന്റെ ഉയര്‍ന്ന വകഭേദമായ RXZ-ന്റെ താഴെയായാണ് പുതിയ വേരിയന്റിന്റെ സ്ഥാനം. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ ബോഡി, പി.എം. 2.5 അഡ്വാന്‍സ്ഡ് ഫില്‍ട്ടര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, എട്ട് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഈ ഓപ്ഷണല്‍ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റ് പ്രദേശങ്ങള്‍ക്കായി ഓഗസ്റ്റ് ആറ് മുതല്‍ 15 വരെ നീളുന്ന ഫ്രീഡം കാര്‍ണിവല്‍ റെനോ ഒരുക്കിയിട്ടുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്ക് ഓണം, ഗണേഷ് ചതുര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകമായ മറ്റ് ആനുകൂല്യങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും റെനോ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ഡസ്റ്റര്‍ എന്ന എസ്.യു.വിയിലൂടെയാണ് റെനോ ഇന്ത്യന്‍ നിരത്തുകളില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ ജനതയ്ക്ക് തികച്ചും പുതുമയായിരുന്ന ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ നിരവധി മോഡലുകള്‍ റെനോ ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. നിലവില്‍, ഡെസ്റ്റര്‍, ട്രൈബര്‍, കൈഗര്‍, ക്വിഡ് തുടങ്ങിയ വാഹനങ്ങലാണ് റെനോ ഇന്ത്യയുടെ വില്‍പ്പനയ്ക്ക് കരുത്തേകുന്ന വാഹനങ്ങള്‍.

Content Highlights: Renault India today started the tenth anniversary celebrations of its operations in India