കൊറോണ വൈറസിനെതിരേയ രാജ്യത്തിന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍. വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ അവരുടെ ചെന്നൈയിലെ പ്ലാന്റ് അടച്ചിടുന്നു. എത്ര ദിവസത്തേക്കാണ് അടച്ചിടുന്നതെന്ന കാര്യം റെനോ അറിയിച്ചിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായി വൈറസിന്റെ വ്യാപനം തടയുന്നതിനായി ശക്തമായ സുരക്ഷ മുന്‍കരുതലോടെയാണ് റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുത്തിരുന്നെന്നും റെനോ അറിയിച്ചു.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ റെനോയുടെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ ഭാഗമായി ചെന്നൈയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് റെനോ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, റെനോയുടെ കോര്‍പറേറ്റ്-റീജിണല്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ റെനോയുടെ 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സും മുമ്പുണ്ടായിരുന്നത് പോലെ തുടരുമെന്നും റെനോ ഇന്ത്യ സിഇഒ അറിയിച്ചു.
റെനോയിക്ക് പുറമെ, ഫോര്‍ഡ് ഇന്ത്യ, ഹ്യുണ്ടായി മോട്ടോഴ്സ്, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ടൊയോട്ട ഇന്ത്യ, ഫിയറ്റ് ക്രെസ്ലര് തുടങ്ങിയ കാര്‍ നിര്‍മാതാക്കളും ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്, സുസുക്കി ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചിട്ടതായി അറിയിച്ചിരുന്നു.
Content Highlights; Renault India Shut Down Its Chennai Plant Due To Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..