ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയിക്ക് ഇന്ത്യന്‍ വാഹന വിപണിയില്‍ പുത്തന്‍ ഉണര്‍വ് സമ്മാനിച്ച വാഹനമാണ് കൈഗര്‍ എന്ന കോംപാക്ട് എസ്.യു.വി. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഓഫര്‍ ചെയ്ത് എത്തിയ ഈ എസ്.യു.വി. ഇന്ത്യക്ക് പുറമെ വിദേശ രാജ്യങ്ങളിലുമെത്തുന്നു. ഇതിന്റെ ഭാഗമായി റെനോ കൈഗറിന്റെ സൗത്ത് ആഫ്രിക്കയിലേക്കുള്ള ആദ്യ ബാച്ച് കയറ്റി അയച്ചു.

760 വാഹനങ്ങളാണ് ആദ്യ ബാച്ചില്‍ സൗത്ത് ആഫ്രിക്കയിലേക്ക് അയച്ചിരിക്കുന്നത്. ചെന്നൈയിലെ പോര്‍ട്ടില്‍ നിന്നാണ് ഈ വാഹനം സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. നേപ്പാളിന് പുറമെ, കൈഗര്‍ എത്തുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് സൗത്ത് ആഫ്രിക്ക. ജൂലായ് മാസത്തിലാണ് റെനോ കൈഗര്‍ എസ്.യു.വി. നേപ്പാളിലെ വിപണിയില്‍ എത്തിച്ചത്. 

കൈഗറിന്റെ വരവോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലേക്കും നേപ്പാളിലേക്കും ഈ വാഹനം എത്തിക്കുന്നതെന്നും റെനോ ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. 

റെനോ-നിസാന്‍ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള കോംപാക്ട് എസ്.യു.വിയാണ് കൈഗര്‍. ഈ വാഹനത്തിന്റെ നേര്‍ എതിരാളിയായ നിസാന്‍ മാഗ്നൈറ്റിനും അടിസ്ഥാനം ഈ പ്ലാറ്റ്ഫോമാണ്.  RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള കൈഗറിന് 5.64 ലക്ഷം രൂപ മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

പ്ലാറ്റ്‌ഫോം പോലെ തന്നെ മാഗ്‌നൈറ്റുമായി എന്‍ജിനും പങ്കിട്ടാണ് കൈഗര്‍ എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ എന്‍.എ, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights; Renault India has commenced exports of its sub-4 metre compact SUV Renault KIGER to South Africa