കോവിഡ് രണ്ടാം തരംഗവും ഇതേതുടര്‍ന്നുള്ള ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കാനുറച്ച് റെനോ ഇന്ത്യ. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സര്‍വീസിനും മറ്റുമായി സമയം അനുവദിച്ചിട്ടുള്ളത്. 

ഏപ്രില്‍ ഒന്നിനും മേയ് 31 നും ഇടയിലുള്ള കാലയളവില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയോ വാഹനത്തിന് നല്‍കിയിട്ടുള്ള വാറണ്ടി അവസാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ജൂലൈ 31 വരെ നീട്ടിയിട്ടുണ്ടെന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് സര്‍വീസ് ചെയ്യുകയും വാറണ്ടി പുതുക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍വീസിനും വാറണ്ടിക്കും സമയം അനുവദിച്ചതിന് പുറമെ, വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളും റെനോ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് റെനോയുടെ പ്രവര്‍ത്തനമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും സര്‍വീസിന് സമയം അനുവദിക്കുകയും വാറണ്ടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, എം.ജി. മോട്ടോഴ്‌സ്, ടൊയോട്ട തുടങ്ങിയ കമ്പനികളാണ് സമയം അനുവദിച്ചിരിക്കുന്നത്. മറ്റ് കമ്പനികള്‍ വരും ദിവസങ്ങളില്‍ സേവനം നീട്ടി നല്‍കുന്നത്‌ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Renault India Extends Free Service & Warranty Period For Its Customers