റെനോ ഡസ്റ്റർ | Photo: Renault India
ഹാച്ച്ബാക്ക്, സെഡാന്, എസ്.യു.വി. എന്നീ മൂന്ന് ശ്രേണികളില്‍ മാത്രം വാഹനമെത്തിയിരുന്ന ഇന്ത്യയിലേക്ക് എസ്.യു.വിയെക്കാള്‍ അല്‍പ്പം ചെറുതും ഹാച്ച്ബാക്കിനെക്കാള്‍ അല്‍പ്പം വലുതുമായ കോംപാക്ട് എസ്.യു.വി. എന്ന സെഗ്മെന്റിന്റെ തുടക്കക്കാരില്‍ ഒന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഡസ്റ്റര്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ പുത്തന്‍ ശ്രേണിക്ക് തുടക്കമിട്ട ഈ വാഹനത്തിന്റെ നിലവിലെ മോഡലിന്റെ നിര്‍മാണം കമ്പനി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
2012-ലാണ് ഡസ്റ്റര്‍ എന്ന എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആഗോള നിരത്തുകളില്‍ 2017-ല്‍ രണ്ടാം തലമുറ മോഡല്‍ എത്തിയെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം തലമുറ മോഡലാണ് എത്തുന്നത്. അതേസമയം, പലപ്പോഴായി ഡസ്റ്റര്‍ മുഖം മിനുക്കലിന് വിധേയമായിട്ടുണ്ട്. രണ്ടാം തലമുറ മോഡല്‍ എത്തിക്കാതെ നേരിട്ട് മൂന്നാം തലമുറ മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുമെന്നായിരുന്നു മുമ്പ് കമ്പനി അറിയിച്ചത്.
നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന ശ്രേണിയിലാണ് ഡസ്റ്ററുമുള്ളത്. പലപ്പോഴായുള്ള മുഖം മിനിക്കലിലൂടെ എതിരാളികള്‍ക്ക് ഒപ്പം നില്ക്കുന്ന മികച്ച ഡിസൈനിങ്ങ്, പുതുതലമുറ ഫീച്ചറുകള്‍, ഉയര്‍ന്ന കരുത്ത് എന്നിവ ഡസ്റ്റര്‍ എസ്.യു.വിയും ആര്‍ജിച്ചിട്ടുണ്ട്. എന്നാല്‍, കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ റെനോയുടെ തന്നെ കൈഗര്‍ എന്ന മോഡല്‍ കൂടി എത്തിയതോടെ ഡസ്റ്ററിന്റെ സ്വീകാര്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന എസ്.യു.വി. എന്ന ലേബലിലാണ് കൈഗര്‍ എത്തിയത്. ഇതോടെ ചുരുങ്ങിയ കാലംകൊണ്ട് റെനോയുടെ ബെസ്റ്റ് സെല്ലിങ്ങ് മോഡല്‍ എന്ന സ്ഥാനം കൈഗറിനായി. ഇതോടെയാണ് ഡസ്റ്റര്‍ എസ്.യു.വിയുടെ ഉത്പാദനം താത്കാലികമായി അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വില്‍പ്പനയിലും എതിരാളികളെ അപേക്ഷിച്ച് ഡസ്റ്ററിന് കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
2019-ലാണ് ഇന്ത്യയിലെ ഡസ്റ്റര്‍ അവസാനമായി മുഖംമിനുക്കല്‍ നടത്തിയത്. 2020-ല്‍ ഡസ്റ്റര്‍ നിരയിലുണ്ടായിരുന്ന ഡിസല്‍ മോഡല്‍ പിന്‍വലിക്കുകയും 1.5 ലിറ്റര്‍ ബി.എസ്.6 പെട്രോള്‍ എന്‍ജിനില്‍ മാത്രം ഈ വാഹനം നിരത്തുകളില്‍ എത്തുകയും ചെയ്തു. ഏറെ വൈകാതെ ഡസ്റ്ററിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് മോഡലും ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കുകയായിരുന്നു. 1.3 ലിറ്റര്‍ ടര്‍ബോ എന്‍ജിനൊപ്പം സി.വി.ടി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയാണ് ഈ മോഡല്‍ എത്തിയത്.
Source: Car and Bike
Content Highlights: Renault Duster stop production in india, Renault Duster SUV, Renault Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..