2020 അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ നിരത്തുകളിലേക്ക് മറ്റൊരു കോംപാക്ട് എസ്.യു.വി കൂടി എത്തിയേക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം ടീസര്‍ അവതരിപ്പിച്ച റെനോയുടെ എച്ച്.ബി.സി എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കോംപാക്ട് എസ്.യു.വി നാളെ പ്രദര്‍ശിപ്പിക്കും. റെനോയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

റെനോയുടെ പുതിയ ഷോകാര്‍ കാണാന്‍ ഒരു ദിവസം കൂടി കാത്തിരിക്കുക എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വരാനിരിക്കുന്ന എസ്.യു.വിയുടേത് ആണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍ വെളിപ്പെടുത്തിയുള്ള 11 സെക്കന്റ് വീഡിയോ റെനോ ഇന്ത്യ വെളിപ്പെടുത്തിയത്.

സ്പോര്‍ട്ടി ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പ്, റൂഫ് സ്പോയിലര്‍, എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ് എന്നിവ വെളിപ്പെടുത്തിയാണ് ടീസര്‍ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് റെനോ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലും വാഹനത്തിന്റെ ഡിസൈനാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്ടി ഭാവമായിരിക്കും ഈ വാഹനത്തിന് നല്‍കുക. 

പരീക്ഷണയോട്ടത്തില്‍ പതിഞ്ഞ ചിത്രങ്ങള്‍ അനുസരിച്ച് വി-ഷേപ്പിലുള്ള മള്‍ട്ടി സ്ലാറ്റ് ഗ്രില്ല്. വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ബോഡി കളറിനൊപ്പം ബ്ലാക്ക് പ്ലാസ്റ്റിക്കും നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നിവയാണ് എച്ച്.ബി.സിയെ സ്‌റ്റൈലിഷാക്കുന്നത്. 

71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും ഈ കോംപാക്ട് എസ്.യു.വിയില്‍ ഒരുക്കും. മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്.യു.വി 300 തുടങ്ങിയ വാഹനങ്ങളാണ് പ്രധാന എതിരാളികള്‍.

Content Highlights: Renault Compact SUV Unveil Tomorrow