റ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിക്കായി റെനോയുടെ കൈഗറും നിസാന്‍ മാഗ്‌നൈറ്റും തമ്മില്‍ കടുത്ത മത്സരമായിരുന്നു. ഒടുവില്‍ വിപണിയിലെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മാഗ്‌നൈറ്റ് ആദ്യം വില വര്‍ധനവ് പ്രഖ്യാപിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ കൈഗര്‍ എസ്.യു.വിയുടെ വിലയും വര്‍ധിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ റെനോ.

30000 രൂപ വരെയാണ് കൈഗറിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വില മെയ് ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അതേസമയം, കൈഗറിന്റെ അടിസ്ഥാന വേരിയന്റുകളായ RXE മാനുവല്‍, RXE ഡ്യുവല്‍ ടോണ്‍ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോ മോഡല്‍ ഉള്‍പ്പെടെ മറ്റുള്ളവയുടെ വില ഉയര്‍ത്തിയിട്ടുണ്ട്.

വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ 3000 രൂപ മുതല്‍ 30,000 രൂപ വരെ വില ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. കൈഗറിന്റെ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ മോഡലുകള്‍ക്ക് 5.45 ലക്ഷം രൂപ മുതല്‍ 8.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലുകള്‍ക്ക് 7.42 ലക്ഷം രൂപ മുതല്‍ 9.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. 

റെനോ-നിസാന്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സി.എം.എഫ്-എ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള കോംപാക്ട് എസ്.യു.വിയാണ് കൈഗര്‍. ഈ വാഹനത്തിന്റെ നേര്‍ എതിരാളിയായ നിസാന്‍ മാഗ്‌നൈറ്റിനും അടിസ്ഥാനം ഈ പ്ലാറ്റ്‌ഫോമാണ്. റെനോയുടെ എം.പി.വി. മോഡലായ ട്രൈബറില്‍ നിന്ന് കടംകൊണ്ട ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഏറിയ പങ്കും.

റെനോയുടെ സിഗ്നേച്ചറായ വിങ്ങ്സ് ഷേപ്പിലുള്ള ക്രോമിയം ഗ്രില്ല്, ഇതിന് സമാന്തരമായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, സ്പ്ലിറ്റ് എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, ക്ലാഡിങ്ങുകള്‍ എന്നിവ നല്‍കിയാണ് മുന്‍വശം അലങ്കരിച്ചിരിക്കുന്നത്. വീതിയുള്ള വീല്‍ ആര്‍ച്ചും പുതിയ ഡിസൈന്‍ അലോയി വീലും, സില്‍വര്‍ റൂഫ് റെയിലുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്. 


നിസാന്‍ മാഗ്‌നൈറ്റിലെ എന്‍ജിനാണ് കൈഗറിനും കരുത്തേകുക. 1.0 ലിറ്റര്‍ എന്‍.എ, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. എന്‍.എ.എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം.ടോര്‍ക്കും ടര്‍ബോ എന്‍ജിന്‍ 99 ബി.എച്ച്.പി.പവറും 160 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി എന്നിവ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Renault Announce Price Hike For Kiger SUV