രത്തൻ ടാറ്റ ടാറ്റ നാനോയിൽ മുംബൈ താജ് ഹോട്ടലിൽ എത്തിയപ്പോൾ | Photo; Instagram/ Viral Bhayani
തന്റെ പിറന്നാള്‍ ആഘോഷിച്ച രീതിയിലൂടെയും ലളിതമായ ജീവിതശൈലിയിലൂടെയും ഞെട്ടിച്ചിട്ടുള്ള വ്യക്തിത്വമാണ് ടാറ്റ ഗ്രൂപ്പ് മേധാവിയായ രത്തന്‍ ടാറ്റ. ഏറ്റവുമൊടുവില്‍ തന്റെ ഒരു യാത്രയിലൂടെ വീണ്ടും സാമൂഹികമാധ്യമങ്ങളുടെ കൈയടി നേടിയിരിക്കുകയാണ് അദ്ദേഹം. ടാറ്റയുടെ ഏറ്റവും കുഞ്ഞന്‍ വാഹനമായ നാനോയില്‍ താജ് ഹോട്ടലിലേക്ക് യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് സൈബര്‍ ലോകം അദ്ദേഹത്തിന്റെ ലാളിത്യം പ്രകീര്‍ത്തിക്കുന്നത്.
ഇതിഹാസം എന്നി വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങള്‍ മുംബൈ താജ് ഹോട്ടലിന്റെ മുന്നില്‍ നിന്നും നമുക്ക് ലഭിച്ചു. അകമ്പടി സേവിക്കാന്‍ ബോഡിഗാര്‍ഡുകളൊന്നുമില്ല, ഹോട്ടലിലെ ജീവനക്കാര്‍ മാത്രം. അദ്ദേഹത്തിന്റെ ലാളിത്യം അദ്ഭുതപ്പെടുത്തുന്നതാണ്. എന്ന കുറിപ്പോടെ വൈറല്‍ ഭായനി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാബാ ഖാന്‍ എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും സാധാരണക്കാരന് കാര്‍ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2008-ല്‍ രത്തന്‍ ടാറ്റയുടെ ആശയത്തില്‍ ടാറ്റ പുറത്തിറക്കിയ വാഹനമാണ് നാനോ എന്ന കുഞ്ഞന്‍ കാര്‍. ഈ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം ഹോട്ടലില്‍ എത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തിയ വാഹനമായിരുന്നു ടാറ്റ നാനോ. പത്ത് വര്‍ഷം നിരത്തുകളില്‍ നിറഞ്ഞുനിന്ന വാഹനം 2018-ഓടെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
ടാറ്റ നാനോ എന്ന വാഹനം അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനനമായ കഥ അടുത്തിടെ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹം കാറില്‍ യാത്ര ചെയ്യുമ്പോള്‍ അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന കുടുംബം ബൈക്കില്‍ തിങ്ങിഞെരുങ്ങി ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ടു. ഇതോടെയാണ് സാധാരണ കുടുംബത്തിന് സ്വന്തമാക്കാന്‍ സാധിക്കുന്ന കാര്‍ എന്ന ചിന്ത ഉണ്ടാകുന്നതും നാനോ എന്ന ഒരു ലക്ഷം രൂപയുടെ കാര്‍ പുറത്തിറങ്ങുന്നതും.
624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബി.എച്ച്.പി. കരുത്തും 51 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്‍സ്മിഷന്‍ നല്‍കിയിരുന്ന ഈ വാഹനത്തിന് 22 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ടായിരുന്നു. നാല് വര്‍ഷം മുമ്പ് ഉത്പാദനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നും നിരവധി ആളുകളാണ് നാനോ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിയ മോഡലില്‍ നിരവധി അധിക ഫീച്ചറുകളും നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..