ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഐക്കണിക് മോഡലാണ് റേഞ്ച് റോവര്‍ കുടുംബത്തിലെ വെലാര്‍. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് അടുത്തമാസമാണ് ടാറ്റ ഉടമസ്ഥതയിലുള്ള വെലാര്‍ ഔദ്യോഗികമായി പുറത്തിറക്കുക. എന്നാല്‍ ഇതിനു മുമ്പേ ചില ഓട്ടോ വെബ്‌സൈറ്റുകാരുടെ കഴുകന്‍ കണ്ണുകളില്‍ വെലാറിന്റെ ആദ്യ ചിത്രങ്ങള്‍ പതിഞ്ഞുകഴിഞ്ഞു. വരവിന് മുന്നോടിയായി ടെസ്റ്റ് റൈഡ് നടത്തുന്ന വെലാറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Velar

ടാറ്റാ മോട്ടോഴ്‌സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനമെന്നാണ് വെലാര്‍ അറിയപ്പെടുന്നത്. അദേഹത്തിന്റെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും കമ്പനി പൂര്‍ത്തീകരിച്ചത്. റേഞ്ച് റോവര്‍ നിരയിലെ നാലാമനായ വെലാര്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് പിറവിയെടുത്തത്. വാഹനത്തിന്റെ പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. റേഞ്ച് റോവര്‍ നിരയില്‍ ഇവോക്കിനും സ്പോര്‍ട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. 

ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്നോളജിയിലാണ് ഹെഡ്ലൈറ്റ്. ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇതാണ്‌. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും.  ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. 

Velar

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വെലാറിന്റെ എന്‍ട്രി ലെവല്‍ പെട്രോള്‍ പതിപ്പിന് 79 ലക്ഷം രൂപയും ടോപ് സ്പെക്ക് ഡീസല്‍ പതിപ്പിന് 1.18 കോടിയുമാണ് എക്‌സ്‌ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാനുള്ള കാരണം. ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികള്‍. 

3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്നീഷ്യം ഡീസല്‍, 2.0 ലിറ്റര്‍ ഇഗ്നീഷ്യം പെട്രോള്‍ എന്‍ജിനിലും വെലാര്‍ ലഭ്യമാകും. 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. 236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. 

Range Rover Velar