റേഞ്ച് റോവര്‍ നിരയില്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനമായ വെലാര്‍ ദീപാവലി ഉത്സവ സീസണില്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന. ഇതിനു മുമ്പെ രഹസ്യമാക്കിവെച്ച വെലാറിന്റെ വില വിവരങ്ങള്‍ ചോര്‍ന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വിലയിലാണ് വെലാര്‍ എത്തുന്നത്. എന്‍ട്രി ലെവല്‍ S പെട്രോള്‍ പതിപ്പിന് 79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്ക് HSE ഡീസല്‍ പതിപ്പിന്റെ വില ഒരു കോടിയും കടന്ന് 1.18 കോടിയിലെത്തും. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാനുള്ള കാരണം.
2.0 പെട്രോള്‍ S | 79 ലക്ഷം |
2.0 പെട്രോള്‍ SE | 81 ലക്ഷം |
2.0 പെട്രോള്‍ HSE | 85 ലക്ഷം |
2.0 ഡീസല്‍ S | 79 ലക്ഷം |
2.0 ഡീസല്‍ SE | 81 ലക്ഷം |
2.0 ഡീസല്‍ HSE | 85 ലക്ഷം |
3.0 ഡീസല്‍ S | 1.10 കോടി |
3.0 ഡീസല്‍ SE | 1.12 കോടി |
3.0 ഡീസല്‍ HSE | 1.18 കോടി |
റേഞ്ച് റോവര്‍ നിരയിലെ നാലാമനായ വെലാര്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് പിറവിയെടുത്തത്. വാഹനത്തിന്റെ പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. റേഞ്ച് റോവര്‍ നിരയില്‍ ഇവോക്കിനും സ്‌പോര്‍ട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. ടാറ്റാ മോട്ടോഴ്സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും കമ്പനി പൂര്‍ത്തീകരിച്ചത്. ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്‌പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികള്‍.
Read More: വെലാര്‍, രത്തന്‍ ടാറ്റയുടെ സ്വപ്നം
ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ്. ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇവനാണ്. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും. ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലും വെലാര്‍ ലഭ്യമാകും.