റേഞ്ച് റോവര്‍ കുടുംബത്തിലെ പുതിയ അംഗവും രത്തന്‍ ടാറ്റയുടെ സ്വപ്‌ന വാഹനവുമായ റേഞ്ച് റോവര്‍ വെലാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ ദീപാവലി ഫെസ്റ്റീവ് സീസണോടനുബന്ധിച്ച് നവംബറില്‍ ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ വെലാര്‍ ഇങ്ങോട്ടെത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. റേഞ്ച് റോവര്‍ നിരയിലെ നാലാമനായ വെലാര്‍ കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് കന്നി അരങ്ങേറ്റം കുറിച്ചത്.
2018 ഓട്ടോ എക്സ്പോയില്‍ വെലാര്‍ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. രാജ്യത്തെ വിവിധ റേഞ്ച് റോവര്‍ ഷോറൂമുകളില്‍ നേരത്തെ വാഹനത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റേഞ്ച് റോവര്‍ നിരയില്‍ ഇവോക്കിനും സ്പോര്‍ട്ടിനും ഇടയിലായാണ് വെലാറിന്റെ സ്ഥാനം. ടാറ്റാ മോട്ടോഴ്‌സ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതി എന്ന നിലയിലാണ് വെലാറിന്റെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത്.
ബിഎംഡബ്യു X5, ഔഡി Q7, വോള്‍വോ XC 90, ജാഗ്വര്‍ എഫ്-സ്പേസ്, പോര്‍ഷെ മകാന്‍ എന്നിവയാണ് വെലാറിനെ കാത്തിരിക്കുന്ന എതിരാളികള്‍. കാറിന്റെ രൂപഘടനയില്‍ അവതരിക്കുന്ന ആദ്യ റേഞ്ച് റോവര്‍ വാഹനമെന്ന പ്രത്യേകതയും വെലാറിനുണ്ട്. ഇംഗ്ലണ്ടിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും അള്‍ട്രാ ക്ലീന്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുമാണ് മുഖ്യ സവിശേഷതകള്‍. ലേസര്‍ ടെക്നോളജിയിലാണ് ഹെഡ്ലൈറ്റ്.
ലാന്റ് റോവറിന്റെ ഏറ്റവും മികച്ച എയറോഡൈനാമിക് വാഹനവും ഇവനാണ്. മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലും വെലാര്‍ ലഭ്യമാകും. 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും, ഒന്ന് 147 ബിഎച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പിഎസ് കരുത്തും 500 എന്‍എം ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 296 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.
236 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമേകും. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റവും അകത്തളത്തെ പ്രൗഡി കൂട്ടും. പൂര്‍ണമായും ലെതര്‍ മെറ്റീരിയലില്‍ ഒരുക്കിയതാണ് ഉയര്‍ന്ന വകഭേദത്തിന്റെ ഇന്റീരിയര്‍. 4803 എംഎം നീളവും 1903 എംഎം വീതിയും 1665 എംഎം ഉയരവും 2874 എംഎം വീല്‍ബേസും വെലാറിനുണ്ട്.