ഇന്ത്യന്‍ നിരത്തുകളില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് മേല്‍വിലാസം നേടി നല്‍കിയ വാഹനമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. സുരക്ഷയും കരുത്തും മുഖമുദ്രയായ ഈ വാഹനം പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ്. ഡീസല്‍ എന്‍ജിന്‍ മാത്രമെത്തിയിരുന്ന സ്‌പോര്‍ട്ടില്‍ പെട്രോള്‍ കരുത്തുമൊരുങ്ങുന്നു.
2019 മോഡല്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിലാണ് ആദ്യം പെട്രോള്‍ എന്‍ജിന്‍ ഒരുക്കുക. 296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ട്വിന്‍-സ്‌ക്രോള്‍ ടര്‍ബോ ചാര്‍ജര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് കരുത്തേകാനൊരുങ്ങുന്നത്.
ഇന്ത്യയില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ സ്വാധീനം ഉയരുന്നത് കണക്കിലെടുത്താണ് പെട്രോള്‍ എന്‍ജിനിലും ഈ മോഡല്‍ എത്തിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും പെട്രോള്‍ എന്‍ജിന്‍ നല്‍കുക.
റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ സവിശേഷതകളായ ഡ്രൈവിങ് മികവും ഇന്ധനക്ഷമതയും കരുത്തും സുരക്ഷിതത്വവും പെട്രോള്‍ മോഡലിലും ഉറപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഡിസൈനിലും അനിവാര്യമായ പരിഷ്‌കാരങ്ങള്‍ ഒരുക്കുന്നുണ്ട്.
ഡിസൈന്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ലൈഡിംഗ് പനോരമിക് റൂഫ്, പവേഡ് ടെയ്ല്‍ ഗേറ്റ് എന്നീ ഫീച്ചറുകള്‍ പുതുതായി സ്ഥാനം പിടിക്കുന്നുണ്ട്. ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊട്ടക്റ്റ്, കണ്‍ട്രോള്‍ പ്രോ, പാര്‍ക്ക് പാക്ക്, സ്മാര്‍ട്ട്ഫോണ്‍ പാക്ക്, ക്യാബിന്‍ എയര്‍ ഐണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകളും പുതിയ സ്പോര്‍ട്ടില്‍ ഒരുങ്ങും.
മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവത്തില്‍ സാങ്കേതികവിദ്യ തടസരഹിതമായി സംയോജിപ്പിക്കുന്ന റേഞ്ച് റോവര്‍ സ്പോര്‍ട്ട് ടച്ച് പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്പ്ലേ, ഫുള്‍ കളര്‍ ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയവ ഇന്റീരിയറിനെ ആകര്‍ഷകമാക്കും.
മുമ്പ് 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഈ വാഹനം എത്തിയിരുന്നത്. എന്നാല്‍, 2.0 ലിറ്റര്‍ പെട്രോള്‍ മോഡലിന് 7.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. 86.71 ലക്ഷം രൂപയിലാണ് പെട്രോള്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.
Content Highlights: Range Rover Introduce Petrol Engine In India