ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്റ് റോവര്‍ പ്രീമിയം എസ്.യു.വി നിരയില്‍ കരുത്തന്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെ പെട്രോള്‍ പതിപ്പ് വിപണിയിലെത്തിച്ചു. 53.20 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഇവോക്ക് ഡീസല്‍ പതിപ്പ് കഴിഞ്ഞ മാസമാണ് രാജ്യത്തെത്തിയത്. പ്യുവര്‍, SE, SE ഡൈനാമിക്, HSE, HSE ഡൈനാമിക് എന്നീ വേരിയന്റുകളില്‍ ഡീസല്‍ പതിപ്പ് നിരത്തിലുണ്ടെങ്കിലും SE വേരിയന്റില്‍ മാത്രമാണ് പെട്രോള്‍ പതിപ്പ് ലഭ്യമാകുക.

2011-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിയ ഇവോക്ക് ഇത് രണ്ടാം തവണയാണ് മുഖം മിനുക്കി എത്തുന്നത്. 2.0 ലിറ്റര്‍ എഞ്ചിന്‍ 236 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കുമേകും. മുന്‍ മോഡലിനെക്കാള്‍ 20 കിലോഗ്രാം ഭാരം കുറവാണ് എഞ്ചിന്. ഈ വര്‍ഷം തുടക്കത്തില്‍ ജാഗ്വര്‍ XF മോഡലിലാണ് ഈ എഞ്ചിന്‍ ആദ്യമായി ഉപയോഗിച്ചിരുന്നത്. വിലയും കരുത്തും കണക്കിലെടുക്കുമ്പോള്‍ പറയാന്‍ മാത്രം എതിരാളികള്‍ ഇവോക്കിന് ഇന്ത്യന്‍ നിരത്തിലില്ല. ബിഎംഡബ്യൂ X1, ഔഡി Q 3, പോര്‍ഷെ മകാന്‍ എന്നീ മോഡലുകളോടാകും ചെറുതായെങ്കിലും റേഞ്ച് റോവര്‍ ഇവോക്ക് മത്സരിക്കുക.