പുതുവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ JLR കരുത്തന്‍ എസ്.യു.വി റേഞ്ച് റോവര്‍ ഇവോക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയിലെത്തിച്ചു. 2011-ല്‍ വിപണിയിലെത്തിയ ഇവോക്ക് രണ്ടാം തവണയാണ് മുഖം മിനുക്കലിന് വിധേയമാവുന്നത്. ബേസ് പ്യുവര്‍ വേരിയന്റിന് 49 ലക്ഷമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് HSE ഡൈനാമിക് വേരിയന്റിന് 64 ലക്ഷവും. രാജ്യത്തെ എല്ലാ ലാന്റ് റോവര്‍ ഡീലര്‍ഷിപ്പിലും ഇവോക്കിന്റെ ബുക്കിങ് ആരംഭിച്ചു. 

Range Rover Evoque

പുതിയ ഇവോക്കില്‍ എഞ്ചിന്‍ കരുത്തിലാണ് പ്രധാന മാറ്റം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 2.0  ലിറ്റര്‍ ഇഞ്ചീനിയം ഡീസല്‍ എഞ്ചിനിലെത്തി. മുന്‍ മോഡലിനെക്കാള്‍ 20 കിലോഗ്രാം ഭാരം കുറവാണ്  എഞ്ചിന്. ഈ വര്‍ഷം തുടക്കത്തില്‍ ജാഗ്വര്‍ XF മോഡലിലാണ് ഈ എഞ്ചിന്‍ ആദ്യമായി ഉപയോഗിച്ചിരുന്നത്. 177 എച്ച്.പി കരുത്തും 430 എന്‍എം ടോര്‍ക്കുമേകും 1999 സിസി എഞ്ചിന്‍. 10 ഇഞ്ച് വലുപ്പമുണ്ട് ടോപ് വേരിയന്റിലെ ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ്‌ സിസ്റ്റത്തിന്. 

ഫോര്‍ വീല്‍ ഡ്രൈവില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. കറുപ്പും ചുവപ്പും ചേര്‍ന്ന നിറത്തിലാണ് സ്‌പെഷ്യല്‍ എക്സ്റ്റീരിയര്‍ ഒരുക്കിയത്. വലിയ മാറ്റം എക്‌സ്റ്റീരിയര്‍ ലുക്കില്‍ വരുത്തിയിട്ടില്ല. ഫുള്‍ എച്ച്ഡി LED  ഹെഡ്‌ലൈറ്റിനൊപ്പം പുതുമയാര്‍ന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റും നല്‍കി. ഓക്‌സ്‌ഫോര്‍ഡ് ലെതറില്‍ ഒരുക്കിയ ഇന്റീരിയര്‍ ലാന്റ് റോവല്‍ ആഡംബരത്തിന് ചേര്‍ന്ന് നില്‍ക്കുന്നു. 

വിലയും കരുത്തും കണക്കിലെടുക്കുമ്പോള്‍ പറയാന്‍ മാത്രം എതിരാളികള്‍ ഇവോക്കിന് ഇന്ത്യന്‍ നിരത്തിലില്ല. ബിഎംഡബ്യൂ X1, ഔഡി Q 3, പോര്‍ഷെ മകാന്‍ എന്നീ മോഡലുകളോടാകും ചെറുതായെങ്കിലും റേഞ്ച് റോവര്‍ ഇവോക്ക് മത്സരിക്കുക. അധികം വൈകാതെ കൂടുതല്‍ കരുത്തില്‍ പെട്രോള്‍ പതിപ്പും ഇന്ത്യയിലെത്തിയേക്കും. ടര്‍ബോ ചാര്‍ജ്ഡ് Si4 പെട്രോള്‍ എഞ്ചിന്‍ 237 എച്ച്പി കരുത്തേകാനാണ് സാധ്യത.