ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ നിരയിലെ ആദ്യ കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി. റേഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിള്‍ മാര്‍ച്ച് 27-ന് ഇന്ത്യയില്‍ പുറത്തിറക്കും. രാജ്യത്തെ ആദ്യ ലക്ഷ്വറി കോംപാക്ട് കണ്‍വേര്‍ട്ടബിള്‍ എസ്.യു.വി. എന്ന ഖ്യാതിയും ഇവോക്ക് കണ്‍വേര്‍ട്ടബിളിനുണ്ട്. നിലവില്‍ നിരത്തിലുള്ള റഗുലര്‍ ഇവോക്ക്‌ എസ്.യു.വി.ക്ക് സമാനമാണ് ഇവോക്ക് കണ്‍വേര്‍ട്ടബിള്‍.

Evoque Convertible

മേല്‍ഭാഗം ഒഴിവാക്കിയാല്‍ രൂപത്തില്‍ തനി റഗുലര്‍ ഇവോക്ക് എസ്.യു.വി.യാണ് പുതിയ കണ്‍വേര്‍ട്ടബിള്‍. ചെറിയ ബൂട്ടിനൊപ്പം ടൂ ഡോറാണ് ഇവോക്ക് കണ്‍വേര്‍ട്ടബിള്‍. നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. HSE ഡൈനാമിക് എന്ന വകഭേദത്തില്‍ മാത്രമാണ് വാഹനം ലഭ്യമാകുക. 1998 സിസി ഫോര്‍ സിലിണ്ടര്‍ ഇഞ്ചീനിയം പെട്രോള്‍ എന്‍ജിന്‍ 237 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകും. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

റഗുലര്‍ ഇവോക്കിനെക്കാല്‍ നീളം അല്‍പം കൂടുതലുണ്ട് കണ്‍വേള്‍ട്ടിബിളിന്, 4370 എംഎം. അതേസമയം വീതിയും ഉയരവും കുറവാണ്, 1900 എംഎം വീതിയും 1609 എംഎം ഉയരവും ഇതിനുണ്ട്. 2660 എംഎം ആണ് വീല്‍ബേസ്. 2015 ലോസ് ആഞ്ചല്‍സ് മോട്ടോര്‍ ഷോയിലാണ് ലാന്‍ഡ് റോവറിന്റെ ഈ കണ്‍വേര്‍ട്ടിബിള്‍ ആദ്യമായി മറനീക്കി അവതരിച്ചത്. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 80-85 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 

Evoque Convertible

വാഹനം 48 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോഴും വെറും 20 സെക്കന്‍ഡിനുള്ളില്‍ ഫാബ്രിക് റൂഫ് തുറക്കുകയും അടയ്ക്കുകയും ചെയ്യാം. 8.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. മണിക്കൂറില്‍ 217 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷാ സന്നാഹങ്ങളിലും ഒട്ടും കുറവില്ലാതെയാണ് ഇവോക്ക് കണ്‍വേര്‍ട്ടിബിള്‍ നിരത്തിലെത്തുക. 

Evoque Convertible

Content Highlights; Range Rover Evoque Convertible To Be Launched In India This Month