ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബരവാഹന നിര്‍മാതാക്കളായ ജാഗ്വാര്‍-ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ റേഞ്ച് റോവര്‍ ഇവോക് മുഖം മിനുക്കിയെത്തുന്നു. പുതുമോടിയിലെത്തുന്ന ഇവോക് ജനുവരി 30-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പ്രീമിയം ട്രാന്‍സ്‌വേഴ്‌സ് ആര്‍ക്കിടെക്ച്ചറിലാണ് പുതിയ ഇവോക് ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കിണങ്ങുന്ന അടിസ്ഥാനമാണിത്. ലാന്‍ഡ് റോവര്‍ വെലാറിന്റെ ചില ഡിസൈന്‍ ശൈലികള്‍ പുതിയ ഇവോക്കില്‍ ദൃശ്യമാകും. 

അള്‍ട്രാ സ്ലിം മെട്രിക്സ് എല്‍ഇഡി ഹെഡ്ലാമ്പ്, 21 ഇഞ്ച് വീല്‍, വ്യത്യസ്തമായ ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവ ഇവോക്കിനെ വേറിട്ടുനിര്‍ത്തും. കൂടുതല്‍ പ്രീമയമായ ഇന്റീരിയറിലെ ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡില്‍ രണ്ട് ടച്ചസ്‌ക്രീന്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ്ങിലും ടച്ച് സ്‌ക്രീന്‍ ഒരുങ്ങും.

4371 എംഎം നീളവും 2100 എംഎം വീതിയും 1649 എംഎം ഉയരവും 2681 എംഎം വീല്‍ബേസുമാണ് പുതിയ ഇവോക്കിനുള്ളത്. 610 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, ഇത് മുന്‍മോഡലിനെക്കാള്‍ 10 ശതമാനം കൂടുതലാണ്. പിന്‍സീറ്റ് മടക്കിയാല്‍ 1430 എംഎം ബൂട്ട് സ്പേസും ലഭിക്കും. 

2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ജാഗ്വര്‍ XE-യിലുള്ള ഡീസല്‍ എന്‍ജിനിലുമാണ് ഇവോക് ലഭ്യമാകുക. പെട്രോള്‍ എന്‍ജിന്‍ 240 പിഎസ് പവറും 340 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 180 പിഎസ് പവറും 430 എന്‍എം ടോര്‍ക്കുമേകും. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

നിലവില്‍ മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി, ഔഡി ക്യു 5, വോള്‍വോ എക്സ്.സി 60, ബിഎംഡബ്ല്യു എക്‌സ്3 എന്നിവയാണ് ഇവിടെ ഇവോക്കിന്റെ എതിരാളികള്‍. 55 ലക്ഷം രൂപയിലായിരിക്കും മുഖം മിനുക്കിയ പതിപ്പിന്റെ വില ആരംഭിക്കുന്നത്. 

Content Highlights: Range Rover Evoque 2020 Launch On January 30