മഞ്ഞില്‍വിരിഞ്ഞതായിരുന്നു ആ ജന്മദിനാഘോഷം. മഞ്ഞിന്‍പാളികളില്‍ ചിത്രങ്ങള്‍ രചിക്കുകയായിരുന്നു ലാന്‍ഡ്‌റോവറിന്റെ വാഹനങ്ങള്‍. ആഡംബര എസ്. യു.വി.യായ റേഞ്ച്‌റോവറിന്റെ സുവര്‍ണജൂബിലി പ്രമാണിച്ചായിരുന്നു വേറിട്ട ആഘോഷം നടത്തിയത്.
സ്വീഡനിലെ ആര്‍ജെ പ്ലോങ്ങിലെ ശൈത്യകാല പരീക്ഷണകേന്ദ്രത്തിലായിരുന്നു കൂറ്റന്‍ കലാശില്പം ഒരുക്കിയത്. ലാന്‍ഡ്‌റോവര്‍, റേഞ്ച്‌റോവറിന്റെ 50ാം വാര്‍ഷികമായിരുന്നു അത്. കൊടും ശൈത്യത്തില്‍ വെള്ളം ഉറഞ്ഞ് കട്ടിയായി മാറിയ തടാകമാണ് ആര്‍ജെപ്ലോങ്ങിലെ പരീക്ഷണശാലയായി ലാന്‍ഡ്‌റോവര്‍ ഉപയോഗിക്കുന്നത്.
മഞ്ഞില്‍ ശില്പങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തനായ സൈമണ്‍ ബ്ലാക്കാണ് ഈ അപൂര്‍വ കലാശില്പം ഒരുക്കിയത്. 53092 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതായിരുന്നു ഈ കലാശില്പം. ലാന്‍ഡ്‌റോവറിന്റെ സ്റ്റിയറിങ് പാഡായിരുന്നു അദ്ദേഹം മഞ്ഞില്‍ പുനര്‍നിര്‍മിച്ചത്. അതിനുചുറ്റും തയ്യാറാക്കിയ ട്രാക്കില്‍ ലാന്‍ഡ് റോവറിന്റേയും റേഞ്ച്‌റോവറിന്റേയും പുതിയ മോഡലുകള്‍ പരീക്ഷണ ഓട്ടവും നടത്തി.
ലാന്‍ഡ് റോവറിന്റെ ഭാവി മോഡലുകളുടെ പരീക്ഷണ ഓട്ടത്തിന്റെ സ്ഥിരം വേദിയാണ് സ്വീഡനില്‍ കൊടുംതണുപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ ടെസ്റ്റ് ട്രാക്ക്. ഐസ് ഡ്രൈവിങ്ങിന്റെ സാഹസികത അനുഭവിച്ചറിയാന്‍ ഉപയോഗിക്കുന്നതാണ് ഈ മേഖല.
Content Highlights: Range Rover 50 Anniversary Celebration