ടാറ്റ പ്രേമികളെ പോലും ഞെട്ടിക്കുന്ന രൂപഭംഗിയില്‍ H5X എസ്.യു.വി.യുടെ കണ്‍സെപ്റ്റ് മോഡല്‍ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. വെറും കണ്‍സെപ്റ്റില്‍ മാത്രം ഇതിനെ ഒതുക്കാതെ നിരത്തിലെത്തിക്കാനുള്ള നടപടികള്‍ തകൃതിയായി ടാറ്റ പിന്നണിയില്‍ നടത്തുന്നുണ്ട്. എസ്.യു.വി.യുടെ പരീക്ഷ ഓട്ടത്തിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വിപണി പിടിക്കാന്‍ രണ്ടുംകല്‍പ്പിച്ച് H5X എസ്.യു.വി മോഡലിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് ഈ വര്‍ഷം നവംബറില്‍ ടാറ്റ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Tata H5X

ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ കാറുകളുടെ കരുത്തുറ്റ രൂപവുമായി ഇണങ്ങുന്ന ഡിസൈനായിരുന്നു എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് H5X എസ്.യു.വി.യെ വ്യത്യസ്തനാക്കിയത്. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഡിസൈന്‍ ഭാഷ്യത്തില്‍ ലാന്‍ഡ് റോവര്‍ L550 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. സ്‌റ്റൈലിഷ് ബോഡിക്ക് യോജിക്കുന്ന വലിയ 22 ഇഞ്ച് വീല്‍, പ്രീമിയം ഫീച്ചേഴ്‌സുള്ള അകത്തളം, പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന റൂഫ് എന്നിവ പ്രൗഢി കൂട്ടും. ഗ്രില്‍ പതിവ് ടാറ്റ കാറുകള്‍ക്ക് സമാനം. എന്നാല്‍ ഹെഡ്ലൈറ്റും ഫോഗ് ലാംമ്പും വേറിട്ടുനില്‍ക്കും. റിയര്‍ സൈഡും ടാറ്റയുടെ പതിവ് മുഖഛായ മാറ്റിമറിച്ചു.  

കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെ പ്രൊഡക്ഷന്‍ മോഡല്‍ വിപണിയിലെത്താനാണ് സാധ്യത. 5 സീറ്ററിലായിരിക്കും നിരത്തിലെത്തുക. 7 സീറ്ററിനുള്ള ശ്രമവും ടാറ്റയുടെ പരിഗണനയിലുണ്ട്. 140 ബിഎച്ച്പി കരുത്തേകുന്ന  ഫിയറ്റില്‍ നിന്നെടുത്ത 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാനുവലിനൊപ്പം ഓട്ടോമാറ്റിക്കിലും H5X എത്തിയേക്കും. നിരത്തിലെത്തിയാല്‍ ഹ്യൂണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിറ്റാര എന്നിവയാകും H5X-ന്റെ എതിരാളികള്‍. 

Tata H5X

Content Highlights; Production-spec Tata H5X reveal in November 2018