ഹോണ്ടയുടെ അഞ്ചാം തലമുറ സിആര്‍-വി നിരത്തിലെത്താനൊരുങ്ങുകയാണ്. അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് വളര്‍ന്ന പുതിയ സിആര്‍-വി ഈ മാസം ഒമ്പതിന് നിരത്തിലെത്തും. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് പുറമെ, ഹൈബ്രിഡ് എന്‍ജിനിലും സിആര്‍-വി എത്തുമെന്നാണ് സൂചന.

2018 പാരിസ് മോട്ടോര്‍ ഷോയിലാണ് ഹൈബ്രിഡ് എന്‍ജിനിലെത്തുന്ന സിആര്‍-വിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. എകദേശം 18.86 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് സിആര്‍-വിക്ക് കമ്പനി ഉറപ്പുനല്‍കുന്നത്. സിആര്‍-വിയില്‍ നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഇലക്ട്രിക് മോട്ടോര്‍ നല്‍കുക. ഇത് 181 ബിഎച്ച്പി കരുത്തും 315 എന്‍എം ടോര്‍ക്കുമേകും.

ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എന്‍ജിന്‍ ഡ്രൈവ് എന്നീ മൂന്ന് മോഡുകളാണ് സിആര്‍-വിയിലുള്ളത്. ഹോണ്ടയുടെ ഐ-എംഎംഡി സാങ്കേതികവിദ്യയിലൂടെ ഓട്ടോമാറ്റികായി ഡ്രൈവ് മോഡുകള്‍ മാറ്റാന്‍ സാധിക്കും. ഹൈബ്രിഡ് കരുത്തിലെത്തുന്ന വാഹനം ഈ വര്‍ഷം വിദേശ നിരത്തുകളിലും അടുത്ത വര്‍ഷം ഇന്ത്യയിലുമെത്തും.

മുമ്പ് നിരത്തിലെത്തിയ സിആര്‍-വിയില്‍ നിന്ന് ചില വ്യത്യാസങ്ങളുമായാണ് അഞ്ചാം തലമുറ സിആര്‍-വി ഇന്ത്യയില്‍ എത്തുന്നത്. മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കിയിരിക്കുന്നുവെന്നതാണ് പ്രധാനമാറ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ ഏഴ് ഇഞ്ച് സെന്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിലുണ്ട്.

സിവികിന്റെ പ്ലാറ്റ്ഫോമിലാണ് സിആര്‍-വി പുറത്തിറക്കുന്നത്. പഴയ സിആര്‍-വിയെക്കാള്‍ 30 മില്ലിമീറ്റര്‍ നീളവും 35 മില്ലിമീറ്റര്‍ വീതിയും ഉയരവും നല്‍കിയാണ് പുതിയ സിആര്‍വി നിരത്തിലെത്തിക്കുന്നത്.