സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കുന്ന ഇകൊമേഴ്‌സ് സംരംഭവുമായി കൈകോര്‍ത്ത് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍. കോവിഡ് പ്രതിസന്ധിയില്‍ അതിജീവനത്തിന്റെ വഴിതേടിയാണ് പുതിയ നീക്കം. ഇകൊമേഴ്‌സ് കമ്പനികളുമായി ചേര്‍ന്ന് ജോര്‍ എന്ന പേരിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ കരാര്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് ഒപ്പുവച്ചു. 

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, ഓള്‍കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടകളാണ് പങ്കാളികളാകുന്നത്. ഉടമകളും തൊഴിലാളികളും ഇതിന്റെ ഭാഗമാകും. ഇകൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ 'ജോര്‍' വഴിയാണ് വിപണനം. ഓര്‍ഡറനുസരിച്ച് കേരളത്തില്‍ എവിടെയും ആവശ്യമായ എന്തുസാധനങ്ങളും സേവനങ്ങളും വിതരണക്കൂലിയില്ലാതെ വീട്ടുമുറ്റത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. 

സാധനങ്ങള്‍ക്ക് അഞ്ചുശതമാനംമുതല്‍ 20 ശതമാനം വരെ വിലക്കുറവുമുണ്ടാകുമെന്നാണ് സംരംഭകരുടെ വാഗ്ദാനം. പദ്ധതിയില്‍ പങ്കാളിയാകുന്ന ഓരോ ബസ്സിനും ഒരു കോഡ് നല്‍കും. പദ്ധതിയെപ്പറ്റി പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരണംനല്‍കുകയാണ് ഇവരുടെ പ്രധാന ചുമതല. ബസിന്റെ കോഡ് മുഖേന വാങ്ങുന്ന സാധനങ്ങളുടെ വിലയുടെ നിശ്ചിതശതമാനം ഇന്‍സെന്റീവാണ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ലഭിക്കുക. 

ബസില്‍ സാധനങ്ങള്‍ കൈമാറുക, ചില്ലറ വില്‍പ്പനശാലകള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളിലും പങ്കാളിത്തം ലഭിക്കും. പച്ചക്കറി, പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് ജോര്‍ ഓര്‍ഗാനിക് ഫാമുകളും തുടങ്ങും. രണ്ടുലക്ഷത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

നിലനില്‍പ്പിനായുളള ശ്രമം

കേരളത്തില്‍ ഇന്ന് ഓടുന്നത് അഞ്ചുശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ്. പൊതുഗതാഗതത്തിലേക്ക് ജനങ്ങള്‍ ഉടനെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ബസ്സുടമകളുടെയും ജീവനക്കാരുടെയും നിലനില്‍പ്പിനായുളള ശ്രമമാണ് പുതിയ സംരംഭം

ലോറന്‍സ് ബാബു, ജനറല്‍ സെക്രട്ടറി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

Content Highlights: Private Bus Owners Starts E-Commerce Business