വിവാഹ നിശ്ചയ വേളയില്‍ ചാള്‍സ് രാജകുമാരന്‍ ഡയാന രാജകുമാരിക്ക് സമ്മാനിച്ച ഫോര്‍ഡ് എസ്‌കോര്‍ട്ട് വാഹനം അടുത്തിടെ ലേലത്തില്‍ വെച്ചിരുന്നു. 30,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ മുഖവില നിശ്ചയിച്ചിരുന്ന ഈ വാഹനം 52000 (53.48 ലക്ഷം രൂപ) പൗണ്ടിനാണ് ലേലത്തില്‍ പോയത്. ബ്രിട്ടണിലെ പുരാവസ്തു വില്‍പ്പനക്കാരായ റീമാന്‍ ഡാന്‍സി റോയല്‍റ്റി എന്ന സ്ഥാപനമാണ് ഈ വാഹനം ലേലത്തിനെത്തിച്ചത്. ജൂണ്‍ 29-നാണ് ഈ വാഹനത്തിന്റെ ലേലം നടന്നത്. 

1981-ലെ ചാള്‍സ് രാജകുമാരന്‍, ഡയാന രാജകുമാരി വിവാഹത്തിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹനിശ്ചയ വേളയിലാണ് അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫോര്‍ഡ് എസ്‌കോര്‍ട്ട് രാജകുമാരന്‍ ഡയാനയ്ക്ക് സമ്മാനിച്ചത്. ഡയാന രാജകുമാരി ഉപയോഗിച്ച ശേഷം ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും രൂപവും ഫീച്ചറുകളും നിലനിര്‍ത്തിയാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. 

1981 മേയ് മാസത്തിലാണ് ഈ വാഹനം സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് 1982 ഓഗസ്റ്റ് വരെ രാജകുമാരി ഈ വാഹനം ഉപയോഗിച്ചിരുന്നു. പിന്നീട് ഡയാന രാജകുമാരിയുടെ ആരാധകനായ വ്യക്തിയാണ് ഈ വാഹനം അവരില്‍നിന്ന് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ വാഹനം ഏറ്റവും ശ്രദ്ധയോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മികച്ച പരിചരണം ഉറപ്പാക്കിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലെ ഫീച്ചറുകള്‍ പോലും മാറ്റം വരുത്താതെ സൂക്ഷിക്കാന്‍ നിലവില്‍ വാഹനം കൈവശമുള്ളവര്‍ ശ്രമിച്ചിട്ടുണ്ട്. 

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് 1968 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്യന്‍ വിപണികളില്‍ എത്തിച്ചിട്ടുള്ള സെഡാന്‍ വാഹനമാണ് ഫോര്‍ഡ് എസ്‌കോര്‍ട്ട്. 1980-90 കാലഘട്ടത്തില്‍ യൂറോപ്യന്‍ നിരത്തുകളിലെ ബെസ്റ്റ് സെല്ലിങ്ങ് കാര്‍ പട്ടവും ഈ വാഹനത്തിനായിരുന്നു. 2000-ത്തില്‍ നിരത്തൊഴിഞ്ഞ ഈ വാഹനം 2014-ല്‍ ഫോക്കസ് എന്ന പേരില്‍ ചൈനീസ് നിരത്തിലെത്തിയിരുന്നു.

Content Highlights: Princess Diana's Ford Escort Auctioned In 52000 Pounds, 53.48 Lakhs Rupuees