40 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു ഫോര്‍ എസ്‌കോര്‍ട്ട് വാഹനം ലേലത്തില്‍ വയ്ക്കുക എന്നതില്‍ കൗതുകം തോന്നേണ്ടതില്ല. എന്നാല്‍, ഈ വാഹനത്തിന്റെ ഉടമ ആരെന്ന് അറിയുമ്പോഴാണ് അദ്ഭുതമാവുന്നത്. ഡയാന രാജകുമാരിക്ക് ചാള്‍സ് രാജകുമാരന്‍ വിവാഹവേളയില്‍ സമ്മാനിച്ച വാഹനമാണ് ലേലത്തിനെത്തുന്നത്. 

1981-ല്‍ ഇവരുടെ വിവാഹനിശ്ചയ വേളയിലാണ് അക്കാലത്തെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ഫോര്‍ഡ് എസ്‌കോര്‍ട്ട് ഡയാനയ്ക്ക് സമ്മാനിച്ചത്. ഡയാന രാജകുമാരി ഉപയോഗിച്ച ശേഷം ഈ വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും ഐതിഹാസിക രൂപവും ഫീച്ചറുകളും നിലനിര്‍ത്തിയാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. 

ഡയാന രാജകുമാരിയുടെ ആരാധകനായ വ്യക്തിയാണ് ഈ വാഹനം അവരില്‍നിന്ന് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ വാഹനം ഏറ്റവും ശ്രദ്ധയോടെയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും മികച്ച പരിചരണം ഉറപ്പാക്കിയിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിലെ ഫീച്ചറുകള്‍ പോലും മാറ്റം വരുത്താതെ സൂക്ഷിക്കാന്‍ നിലവില്‍ വാഹനം കൈവശമുള്ളവര്‍ ശ്രമിച്ചിട്ടുണ്ട്. 

ബ്രിട്ടണിലെ പുരാവസ്തു വില്‍പ്പനക്കാരായ റീമാന്‍ ഡാന്‍സി റോയല്‍റ്റി എന്ന സ്ഥാപനമാണ് ഈ വാഹനം ലേലത്തിനെത്തിക്കുന്നത്. ഏകദേശം 30,000 (30.88 ലക്ഷം രൂപ) മുതല്‍ 40,000 (41.16 ലക്ഷം രൂപ) ബ്രിട്ടീഷ് പൗണ്ട് വരെയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. ജൂണ്‍ 29-ന് ഡയാനയുടെ ഫോര്‍ഡ് എസ്‌കോര്‍ട്ട് ലേലത്തിന് എത്തിക്കും.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് 1968 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ യൂറോപ്യന്‍ വിപണികളില്‍ എത്തിച്ചിട്ടുള്ള സെഡാന്‍ വാഹനമാണ് ഫോര്‍ഡ് എസ്‌കോര്‍ട്ട്. 1980-90 കാലഘട്ടത്തില്‍ യൂറോപ്യന്‍ നിരത്തുകളിലെ ബെസ്റ്റ് സെല്ലിങ്ങ് കാര്‍ പട്ടവും ഈ വാഹനത്തിനായിരുന്നു. 2000-ത്തില്‍ നിരത്തൊഴിഞ്ഞ ഈ വാഹനം 2014-ല്‍ ഫോക്കസ് എന്ന പേരില്‍ ചൈനീസ് നിരത്തിലെത്തിയിരുന്നു.

Source: BBC

Content Highlights: Prince Charles gave Princess Diana as an engagement gift will be auctioned off