റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ സുരക്ഷിത വാഹനങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയൊരുക്കാന്‍ പുതിയ അതിസുരക്ഷിത വാഹനം എത്തിയിരിക്കുകയാണ്. വി.ആര്‍.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയിട്ടുള്ള മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡ് ആണ് അദ്ദേഹത്തിനായി എത്തിയിട്ടുള്ള പുതിയ കവചിത വാഹനം. ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങളിലൊന്നാണ് ഇത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനെ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നരേന്ദ്ര മോദി എത്തിയത് ഈ അതിസുരക്ഷ വാഹനത്തിലായിരുന്നു. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് കവചിത വാഹനങ്ങള്‍ എത്താറുള്ളത്. ഒരേ മോഡലിലുള്ള രണ്ട് കാറുകളാണ് ഇത്തരത്തില്‍ എത്താറുള്ളത്. ഒന്നില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുമ്പോള്‍ മറ്റൊന്ന് വാഹന വ്യൂഹനത്തിനൊപ്പം യാത്ര ചെയ്യുകയാണ് പതിവ്. ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വിലയെന്നാണ് വിവരം.

ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. എ.കെ.47 പോലുള്ള തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ പ്രതിരോധിക്കാന്‍ കരുത്തുള്ള വിന്‍ഡോകളും ബോഡി ഷെല്ലുമാണ്  ഇതിലുള്ളത്. എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ (ഇ.ആര്‍.വി.2010) റേറ്റിങ്ങ് ലഭിച്ചിട്ടുള്ള ഈ വാഹനം രണ്ട് മീറ്റര്‍ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എന്‍.ടി സ്‌ഫോടനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. നേരിട്ടുള്ള സ്‌ഫോടനങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് അടിഭാഗത്ത് നല്‍കിയിട്ടുള്ളത്.

സുരക്ഷ പോലെ തന്നെ കരുത്തുമുള്ള വാഹനമാണിത്. 6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗത. പഞ്ചറായാലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റണ്‍-ഫ്‌ളാറ്റ് ടയറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സീറ്റ് മസാജറുകള്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അദ്ദേഹം ബി.എം.ഡബ്ല്യു സെവന്‍ സീരീസ് ഹൈ സെക്യൂരിറ്റി എഡിഷന്‍ വാഹനത്തെ തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ വാഹനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍.

Source: Cartoq

Content Highlights; Prime Minister Modi gets Maybach 650 Guard, Most expensive safety car, mercedes maybach s650, PM Modi