ടുത്ത വര്‍ഷം പകുതിയോടെ സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങള്‍ മാത്രമായിരിക്കും കിയ പുറത്തിറക്കുകയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

വാഹനത്തിന്റെ ഭാരിച്ച ഉത്പാദന ചിലവ് പരിഗണിച്ച് ചെറുകാറുകളുടെ ശ്രേണിയിലേക്ക് വാഹനം എത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കിയയുടെ വിശദീകരണം. എസ്‌യുവിയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തുന്ന കിയ, പിന്നാലെ ഫോര്‍ മീറ്റര്‍ സെഡാനും പുറത്തിറക്കുമെന്നാണ് വിവരം. 

ചെറുകാറുകളുടെ വിപണിയില്‍ മാരുതിയുടെ വാഹനങ്ങളോട് മത്സരിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് കിയ ഇന്ത്യയുടെ മേധാവി പറയുന്നത്. അതുകൊണ്ടാണ് പ്രീമിയം കാറുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 

എസ്പി2 എന്ന് കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന കിയയുടെ ആദ്യ എസ്‌യുവി 2019 പകുതിയോടെ നിരത്തിലെത്തും. ഇതിനു പിന്നാലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന പ്രീമിയം സെഡാനും എത്തിക്കും. എന്നാല്‍, രാജ്യന്തര വിപണിയിലുള്ള കിയ മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കില്ല. 

രണ്ട് ബില്ല്യണ്‍ ഡോളറാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കിയ ആന്ധ്രയില്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വാഹന വിപണിയുടെ ആറ് ശതമാനം സ്വന്തമാക്കുകയാണ് കിയയുടെ ലക്ഷ്യം.

ആഗോള തലത്തില്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതില്‍ പ്രധാനികളാണ് കിയ മോട്ടോഴ്‌സ്. ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ നിര്‍മിക്കാനുള്ള സൗകര്യവും ഇന്ത്യയിലെ പ്ലാന്റില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.