പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകന്‍ ഈ വര്‍ഷം സെപ്തംബറില്‍ അവതരിക്കുമെന്ന് സൂചന. ഇതിനോടകം 20,000 ത്തോളം ഉപഭോക്താക്കള്‍ ടൈകന്‍ സ്വന്തമാക്കാന്‍ ആഗ്രഹം പ്രകടപ്പിച്ചതായി കമ്പനി വ്യക്തമാക്കുന്നു. സെപ്തബറില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഈ വര്‍ഷം അവസാനത്തോടെ തന്നെ ടൈകന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Porsche Taycan

തുര്‍ക്കിഷ് ഭാഷയില്‍ നിന്നാണ് ടൈകന്‍ എന്ന പേരിന്റെ പിറവി. ഊര്‍ജസ്വലനായ യുവകുതിര എന്നാണ് ടൈകന്‍ എന്ന വാക്കിന്റെ അര്‍ഥം. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കും. ടെസ്‌ല കാറുകളില്‍ നല്‍കിയിരിക്കുന്ന ബാറ്ററി ചാര്‍ജാകുന്നതിലൂം വേഗത്തില്‍ ടൈകനിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാം. ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം.

വാഹനത്തിന്റെ മുന്നിലും പിന്നിലുമായി അണിനിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ ടൈകന് നല്‍കും. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. ഫോര്‍ ഡോര്‍ ടൈകനില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇലക്ട്രിക് വാഹനങ്ങളില്‍ രാജാക്കന്‍മാരായ ടെസ്‌ല മോഡല്‍ എസ് ആണ് ടൈകന്റെ എതിരാളി. അടുത്ത വര്‍ഷത്തോടെ ടൈകന്‍ ഇന്ത്യയിലുമെത്തും.

Content HIghlights; Porsche Taycan Electric Car To Make Its Debut In September 2019