നൈന്‍ ഇലവന്‍ എന്ന് ഇംഗ്ലീഷിലും നോവിനെല്‍ഫര്‍ എന്ന് മാതൃഭാഷയായ ജര്‍മനിലും വിളിക്കുന്ന പോര്‍ഷെ 911 ജനിക്കുമ്പോള്‍ അതിന്റെ പേര് 901 എന്നായിരുന്നു. പക്ഷേ കാര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയുംമുമ്പെ കമ്പനിയുടെ മേധാവികള്‍ക്ക് പ്യൂഷോയുടെ വക്കീലന്മാര്‍ കത്തയച്ചു: നടുവില്‍ പൂജ്യമുള്ള മൂന്നക്ക നമ്പറുകളില്‍ കാര്‍ മോഡലുകള്‍ക്ക് പേരിടുന്നതിന്റെ കോപ്പിറൈറ്റ് പ്യൂഷോയ്ക്കാണ്. പോര്‍ഷെ എന്ത് പറഞ്ഞാലും പ്യൂഷോ വിട്ടുകൊടുക്കില്ല. എന്തുപറയാന്‍, 901-ന്റെ കൃത്യം 82 യൂനിറ്റുകള്‍ നിര്‍മിച്ച ശേഷം പോര്‍ഷെ തങ്ങളുടെ മോഡലിന്റെ പേര് 911 എന്നാക്കി മാറ്റി.

പക്ഷേ, 2013-ലെ ജനീവ ഓട്ടോഷോയില്‍ 911-ന്റെ 50-ാം പിറന്നാള്‍ പോര്‍ഷെ ഗംഭീരമായി ആഘോഷിച്ചപ്പോള്‍ അവിടെ പ്രദര്‍ശനത്തിന് വെക്കാന്‍ ഒരു 901 പോലുമുണ്ടായിരുന്നില്ല. പാരമ്പര്യത്തെപ്പറ്റി വീരവാദമടിക്കുന്ന കമ്പനിയുടെ മ്യൂസിയത്തില്‍ 901-ന്റെ ഒരു മോഡല്‍ പോലുമില്ല എന്നത് പോര്‍ഷെയ്ക്ക് വലിയ ക്ഷീണമായി. അക്കാലത്തെ പോര്‍ഷെയുടെ മേധാവിയായിരുന്ന (ഇന്ന് ഫോക്സ്​വാഗന്‍ എ.ജി.യുടെ ചീഫ് എക്സിക്യുട്ടീവ്) മാത്തിയാസ് മുള്ളറിനോട് ആരോ ഈ കാര്യം പറയകയും ചെയ്തു. 2015-ലാണ് ജര്‍മനിയില്‍ ബ്രാന്‍ഡന്‍ബര്‍ഗിലുള്ള ഒരു ധാന്യപ്പുരയില്‍ പഴയ രണ്ട് 911-കള്‍ കണ്ടെത്തിയ കാര്യം ആരോ കമ്പനിയെ അറിയിച്ചത്. അതിലൊന്ന് 300057 എന്ന ചാസി നമ്പറിലുള്ള വണ്ടിയായിരുന്നു. 

നമ്പര്‍ കേട്ടതും പോര്‍ഷെ മ്യൂസിയത്തിലെ ക്ലാസ്സിക് കാര്‍ കലക്ഷന്‍ മാനേജറായിരുന്ന അലക്സാണ്ടര്‍ ക്ലെയ്നിന്റെ തലച്ചോറില്‍ മണികള്‍ മുഴങ്ങി. പോര്‍ഷെ 901 എന്ന പേരില്‍ 1963-ല്‍ നിര്‍മിച്ച കാറുകളിലൊന്നിന്റെ ചാസി നമ്പറായിരുന്നു അത്. പോര്‍ഷെയുടെ വിദഗ്ധര്‍ ഉടനെ സംഭവസ്ഥലത്തെത്തി. കളപ്പുരയുടെ ഉള്ളിലുള്ള രണ്ട് കാറുകളില്‍ ഒന്ന് വലിയ കേടുപാടുകളില്ലാത്ത 1968 മോഡല്‍ 911 എല്‍ ആയിരുന്നു. പൊടിമൂടി ദ്രവിക്കാന്‍ തുടങ്ങിയ സ്ഥിതിയിലുള്ള രണ്ടാമത്തെ കാര്‍ പരിശോധിച്ചപ്പോള്‍ അത് 1964-ല്‍ 901 എന്ന പേരില്‍ ഇറങ്ങിയ ഒറിജിനലാണെന്ന്‌ മനസ്സിലായി. 

Porsche 901

കേടുപാടുകളില്ലാത്ത കാര്‍ ഏതാണ്ട് 17000 ഡോളറിനും തുരുമ്പിച്ച് നശിക്കുന്ന കാറിന് 1.25 ലക്ഷം ഡോളറും കൊടുത്ത് പോര്‍ഷെ ആ കാറുകള്‍ കരസ്ഥമാക്കി. മുന്നിലും പിന്നിലുമുള്ള ബംപറുകളും വീല്‍ ആര്‍ച്ചിന് മുകളില്‍ ഹെഡ്ലൈറ്റുകള്‍ പിടിപ്പിക്കുന്ന രണ്ട് വിങ്ങുകളും രണ്ടു ഡോറുകളും പൂര്‍ണമായി ഇല്ലാത്ത സ്ഥിതിയിലുള്ള വാഹനം പൂര്‍ണമായും പുനഃസൃഷ്ടിക്കുക എന്നത് ദുഷ്‌കരമായ കാര്യമായിരുന്നു. എങ്കിലും പോര്‍ഷെ മ്യൂസിയം വര്‍ക്ഷോപ്പിന്റെ മേധാവിയായ കുനോ വെര്‍ണര്‍ സന്തുഷ്ടനായിരുന്നു. പില്‍ക്കാലത്തെ 911-കളില്‍ ഇല്ലാത്ത പല സവിശേഷതകളും ആ വണ്ടിയില്‍ കുഴപ്പമില്ലാതെ ബാക്കിയുണ്ടായിരുന്നു.

Porsche 901

കാറിന്റെ ചാസി നമ്പറിലെ അവസാന രണ്ടക്കങ്ങള്‍ -57- ആയി വര്‍ക്ക്്ഷോപ്പില്‍ വണ്ടിയുടെ വിളിപ്പേര്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്ന ശ്രദ്ധയോടെ ജോലിക്കാര്‍ വാഹനഭാഗങ്ങളെല്ലാം അഴിച്ചുവേര്‍പെടുത്തി. ഈ ഘടകങ്ങളെല്ലാം പോര്‍ഷെ ക്ലാസ്സിക്കിലെ വിദഗ്ധരുടെയും സപ്ലയര്‍മാരുടെയും കൈകളിലൂടെ കടന്നുപോയി. ഇതിനിടെ പ്രധാനശരീരഭാഗം തുരുമ്പും ചായവുമൊക്കെ അലിയിച്ചുകളയുന്ന രാസലായനികളില്‍ കഴുകി വെളുപ്പിച്ചു. കാറിന്റെ ബോഡിഷെല്ലില്‍ ഇല്ലാത്ത ഭാഗങ്ങള്‍ ഒരു 1965 മോഡല്‍ 911-ല്‍ നിന്ന് അവര്‍ സംഭരിച്ചു. പുനഃസൃഷ്ടിച്ച കാറില്‍ ഉപയോഗിക്കുന്ന ഷീറ്റ് മെറ്റല്‍ ഗുണനിലവാരത്തിന്റെയും മറ്റു സവിശേഷതകളുടെയും കാര്യത്തില്‍ കഴിവതും യഥാതഥായിരുക്കുമെന്ന് ഇത് ഉറപ്പാക്കി. എങ്കിലും ഒറിജിനലിനോട് നീതിപുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും പരിധിയുണ്ടല്ലോ. 

Porsche 901

12 മാസത്തെ അധ്വാനത്തിന് ശേഷം വാഹനത്തിന് നിറം പകരുന്ന ഘട്ടം വന്നപ്പോള്‍ വര്‍ക്ക്ഷോപ്പിലുള്ളവര്‍ ഇന്നത്തെ 911-കള്‍ക്ക് ചായമടിക്കാന്‍ ഉപയോഗിക്കുന്ന കാഥോഡിക് ഡിപ് കോട്ടിങ്ങ് വിദ്യയാണുപയോഗിച്ചത്. തുരുമ്പിനെ ചെറുക്കുന്നതില്‍ ലോകത്തില്‍ ഏറ്റവും നല്ല പെയിന്റിങ്ങ് വിദ്യയാണിത്. ഉപയോഗിച്ച ചുവപ്പ് ചായവും 21-ാം നൂറ്റാണ്ടിലെ സിഗ്‌നല്‍ റെഡ് 6407 ആയിരുന്നു. 901 ഇറങ്ങുന്ന കാലത്ത് പോര്‍ഷെയിലെന്നല്ല, ലോകത്തില്‍ ഒരു വാഹനത്തിനും ഇല്ലാത്തത്ര മികച്ച ചായം. 120 മണിക്കൂര്‍ അധ്വാനത്തിലൂടെ സിക്സ് സിലിണ്ടര്‍ എഞ്ചിനും പോര്‍ഷെ പുനഃസൃഷ്ടിച്ചു.

Porsche 901

ഒടുവില്‍, 1964-ലെ വണ്ടിയെപ്പോലെ റോഡിലോടാന്‍ ശേഷിയുള്ള നമ്പര്‍ 57 ഇക്കഴിഞ്ഞ ഡിസമ്പര്‍ 13-ന് പോര്‍ഷെ മ്യൂസിയത്തില്‍ അനാവരണം ചെയ്തു. 

Porsche 901

Content Highlights: Porsche's Oldest 911 Lives Again