ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷേ 911 ശ്രേണിയിലുള്ള പുതിയ സ്‌പോര്‍ട്‌സ് മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 2015-ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് കമ്പനി എട്ടാം തലമുറയില്‍പ്പെട്ട 911 മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്‌. നോര്‍മല്‍, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പ്ലസ്, ഇന്‍ഡിവിജ്യുല്‍ തുടങ്ങി നാല് വകഭേദങ്ങളില്‍ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. 1.42 കോടിയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില. 

ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉപയോഗിച്ചുള്ള അത്യാധുനിക ടച്ച് സ്‌ക്രീന്‍, കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട ഡോര്‍ വാഹനത്തിന് നിലത്തേക്ക് ഊര്‍ന്നിറങ്ങിയ ബമ്പറും ദീര്‍ഘ വൃത്താകൃതിയിലുള്ള ഫോര്‍ പോയന്റ് ഡെ ടൈം എല്‍.ഇ.ഡി റണ്ണിംങ് ലൈറ്റേടുകൂടിയ ഹെഡ് ലാമ്പും മുന്‍വശത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. പുതുക്കിയ ടെയില്‍ ലാമ്പാണ് പിറകിലെ മുഖ്യ ആകര്‍ഷണം. 

porche

'കഴിഞ്ഞ വര്‍ഷം 408 കാറുകളാണ് കമ്പനിക്ക് ഇന്ത്യയില്‍ വിറ്റഴിക്കാന്‍ സാധിച്ചത്. ആഢംബര വാഹന വിപണിയില്‍ രാജ്യത്ത് കൂടുതല്‍ വളര്‍ച്ചയുണ്ടാക്കാനാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി നിലവിലുള്ള ആറു ഷോറൂമുകള്‍ക്കു പുറമെ ഹൈദരാബാദിലും ചെന്നെയിലും രണ്ടു ഷോറൂമുകള്‍ അടുത്ത മാസം ആരംഭിക്കുമെന്നും പോര്‍ഷേ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു'. കരേര, കരേര കാബ്രിയലെറ്റ്, കരേര എസ്, കരേര എസ് കാബ്രിയലെറ്റ്, ടര്‍ബോ, ടര്‍ബോ കാബ്രിയലെറ്റ്, ടര്‍ബോ എസ്, ടര്‍ബോ എസ് കാബ്രിയലെറ്റ് എന്നീ മോഡലുകളാണ് കമ്പനി 911 ശ്രേണിയില്‍ നേരത്തെ പുറത്തിറക്കിയിരുന്നത്.  

porche

ഡീസല്‍ കാറുകള്‍ക്ക് രാജ്യത്തുള്ള നിരോധനം കണക്കിലെടുത്ത് പെട്രോള്‍ വകഭേദത്തിലാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്, 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എഞ്ചിനാണ് കാറിന് കരുത്തേകുക.. മുന്‍ മോഡലുകളില്‍നിന്ന് വ്യത്യസ്തമായി എഞ്ചിനെ തണുപ്പിക്കാന്‍ വലിയ എയര്‍ ഇന്‍ടേക്കുകളും നല്‍കിയിട്ടുണ്ട്.

porche

ജിടി സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ്, ലെതര്‍ ഫിനിഷിങ് സീറ്റുകള്‍, 20 ഇഞ്ച് ട്വിന്‍-സ്‌പോക്ക് അലോയ് വീലുകളും മുന്‍ മോഡലില്‍നിന്ന് കാറിനെ വേറിട്ടുനിര്‍ത്തുന്നു. മെഴ്‌സിഡസ് എഎംജി ജിടി, ജാഗ്വര്‍ എഫ് ടൈപ്പ്, ഫെരാരി 488 ജിടിബി, ലംബോര്‍ഗിനി ഹുറാകാന്‍ എന്നിവയാണ് മുഖ്യ എതിരാളികള്‍.