ചെറിയ വാഹനങ്ങളില്‍ സഞ്ചരിക്കുക, എളിയ ജീവിതം നയിക്കുക തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ എളിമയുടെ പ്രതീകമായ വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ശ്രദ്ധനേടിയിരിക്കുന്നത് ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച വാഹനത്തിലൂടെയാണ്.

ആഫ്രിക്കയിലെ മൊസാംബിക് സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് യാത്രയൊരുക്കിയത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ കെയുവി 100 എന്ന വാഹനമാണ്. പ്രീമിയം വാഹനങ്ങള്‍ ഒഴിവാക്കിയാണ് അദ്ദേഹം യാത്രയ്ക്കായി മഹീന്ദ്രയുടെ വാഹനം തിരഞ്ഞെടുത്തത്. 

പോപ്പ് യാത്രയ്ക്കായി മഹീന്ദ്രയുടെ വാഹനം തിരഞ്ഞെടുത്തത് മഹീന്ദ്രയുടെ എംഡി പവന്‍ ഗൊയങ്കയും ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ് ചെയ്തു. അദ്ദേഹം യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഇരുവരും ട്വിറ്റ് ചെയ്തിട്ടുള്ളത്. 

പോപ്പിനെ എതിരേല്‍ക്കാന്‍ നിരവധി പ്രീമിയം വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ യാത്രയ്ക്കായി മഹീന്ദ്രയുടെ വാഹനം തിരഞ്ഞെടുത്തത് വലിയ അംഗീകാരമായാണ് കാണുന്നതെന്നാണ് മഹീന്ദ്ര എംഡി പവന്‍ ഗൊയങ്ക ട്വിറ്ററില്‍ കുറിച്ചത്. 

മാര്‍പ്പാപ്പ മഹീന്ദ്രയില്‍ യാത്ര ചെയ്തതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നാണ് ആനന്ദ് മഹീന്ദ്രയും ട്വിറ്ററില്‍ കുറിച്ചു. 1964 അന്നത്തെ മാര്‍പ്പാപ്പ മുംബൈ സന്ദര്‍ശിച്ചപ്പോഴും മഹീന്ദ്രയുടെ വാഹനം ഉപയോഗിച്ചിരുന്നു. ആ ജീപ്പ് ഇപ്പോഴും മഹീന്ദ്രയുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വിറ്ററില്‍ പറഞ്ഞു.

Content Highlights: Pope Francis Use Mahindra KUV 100 To Travel In Mozambique