ക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയാല്‍ വെറും രണ്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും, ഏത് ആഡംബര കാറുകളെയും പിന്നിലാക്കുന്ന കരുത്ത്. പറഞ്ഞുവരുന്നത് ഇറ്റാലിയന്‍ വാഹന ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീന പുറത്തിറക്കിയ ഇലക്ട്രിക് ഹൈപ്പര്‍ കാറിനെ കുറിച്ചാണ്. ഇലക്ട്രിക് കരുത്തിന്റെ പര്യായമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 

ഇറ്റാലിയല്‍ വാഹന ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീന ഇലക്ട്രിക് ഹൈപ്പര്‍ കാറായ ബാറ്റിസ്റ്റ 2019-ല്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. കാലിഫോര്‍ണിയയിലെ മൊണ്ടേറി കാര്‍ വീക്കില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയത്. ഇറ്റലിയിലെ വാഹന നിര്‍മാതാക്കളില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും കരുത്തനായ മോഡലെന്നാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

ബാറ്റിസ്റ്റ ഇലക്ട്രിക് ഹൈപ്പര്‍ കാറിന്റെ 150 യൂണിറ്റ് മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് വാഹനങ്ങള്‍ ബാറ്റിസ്റ്റ ആനിവേഴ്‌സറിയോ എന്ന പേരിലായിരിക്കും പുറത്തിറക്കുക. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായിരിക്കും ബാറ്റിസ്റ്റയുടെ കൂടുതല്‍ യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ചുരുക്കം എണ്ണം മാത്രമായിരിക്കും ഏഷ്യ, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് എത്തുക്കുകയെന്നാണ് വിവരം.

Pininfarina Batista
പിനിന്‍ഫരീന ബാറ്റിസ്റ്റ | Photo: Automobili Pininfarina

സൂപ്പര്‍കാറുകളുടെ തനതായ ഡിസൈന്‍ ശൈലികള്‍ പിന്തുടര്‍ന്നാണ് ബാറ്റിസ്റ്റയും ഒരുങ്ങിയിട്ടുള്ളത്. ഫ്രണ്ടി സ്പ്ലിറ്റര്‍, സൈഡ് ബ്ലേഡുകള്‍, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് സൂപ്പര്‍ കാര്‍ ഭാവം പകരുന്നത്. ആനിവേഴ്‌സറിയോ മോഡല്‍ ഡിസൈനില്‍ വേറിട്ട് നില്‍ക്കുമെന്നാണ് സൂചന. പ്രീമിയം ലെതറില്‍ ഐകോണിക്ക ബ്ലു കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള സീറ്റായിരിക്കും അകത്തളത്തിലെ പ്രധാന ആകര്‍ഷണം. കറുപ്പായിരിക്കും ഇന്റീരിയറിന്റെ ഭാവം.

120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയില്‍ നല്‍കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1900 ബിഎച്ച്പി കരുത്തും 2300 എന്‍എം ടോര്‍ക്കുമേകും. രണ്ട് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. 12 സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗത നേടും. 350 കിലോമീറ്ററാണ് പരമാവധി വേഗത. 

Pininfarina Battista
പിനിന്‍ഫരീന ബാറ്റിസ്റ്റ | Photo: Automobili Pininfarina

ഒരു ഇലക്ട്രിക് ഹൈപ്പര്‍ കാറില്‍ നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന റേഞ്ചാണ് ബാറ്റിസ്റ്റ നല്‍കുകയെന്നാണ് വിവരം. ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉപയോക്താക്കളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് 16.32 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി വാഹനങ്ങളായിരിക്കും ബാറ്റിസ്റ്റയുടെ പ്രധാന എതിരാളികള്‍.

Content Highlights: Pininfarina Battista Electric Hypercar Revealed