പ്യൂഷേയെ നമ്മള്‍ ഇവിടെ മുമ്പ് കണ്ടിട്ടുണ്ട്. പലരുമായും സഹകരിച്ച് ഇവിടെയെത്തിയെങ്കിലും ഒന്നും വിചാരിച്ച പോലെ ക്ലച്ച് പിടിച്ചില്ല. എന്നാല്‍, ഇന്ത്യയിലെ വാഹനവിപണിയുടെ വളര്‍ച്ചയുടെ ഉയരുന്ന ഗ്രാഫ് ഈ ഫ്രഞ്ച് കമ്പനിയെ ഇവിടംവിട്ടുപോകാന്‍ അനുവദിക്കുന്നുമില്ല. അതിനാല്‍ അവര്‍ വീണ്ടും വരികയാണ്,പുതിയ കൂട്ടുകെട്ടുകളുമായി.
 
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കെ.ബിര്‍ള ഗ്രൂപ്പുമായി ചേര്‍ന്നാണ് പ്യൂഷേ വീണ്ടുമെത്തുന്നത്. ഇത്തവണ വലിയൊരു നിരയുമായാണ് പ്യൂഷേ വരുന്നത്. അതില്‍ ആദ്യത്തേതാണ് പ്യൂഷേ 3008 എസ്.യു.വി. ഈ രംഗത്തെ വിപണി സാധ്യത കണക്കിലെടുത്താണ് ആദ്യം എസ്.യു.വിയുമായി പ്യൂഷേ വരുന്നത്. ഹ്യുണ്ടായ് ക്രീറ്റ, റിനോ ഡസ്റ്റര്‍, ഹോണ്ട ബി.ആര്‍.വി എന്നിവരായിരിക്കും പ്യൂഷേ 3008-ന്റെ ഇന്ത്യയിലെ എതിരാളികള്‍. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യാ ഓട്ടോ എക്‌സ്പോയിലായിരിക്കും പ്യൂഷേ 3008  പുറത്തിറക്കുക എന്നാണറിയുന്നത്.  

Read More; അംബാസിഡര്‍ കാറുകള്‍ ഇനി പ്യൂഷെ പുറത്തിറക്കും.

ഇന്ത്യയില്‍ പരിചിതമായ എസ്.യു.വി. രൂപം തന്നെയാണ് പ്യൂഷേ 3008 യുടേതും. ജി.ടി. ലൈന്‍, ജി.ടി. എന്നീ രണ്ടു വേരിയന്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടിയുള്ളത്. ജി.ടി. യില്‍ 19 ഇഞ്ച് ബോസ്റ്റണ്‍ അലോയ് വീലുകളും അലൂമിനിയം റൂഫ് ബാറുകളും, ക്രോം പൂശിയ മിറര്‍ ഷെല്ലുകള്‍ എന്നിവ അധികമായിട്ടുണ്ടാവും. പ്യൂഷേയുടെ ഐ കോക്പിറ്റ് തീമിലുള്ളതാണ് കോക്ക്പിറ്റ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനല്‍, എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍, മുന്നിലെ സീറ്റുകളില്‍ ഹീറ്റിങ്ങ് ഓപ്ഷന്‍, പനോരമിക് ഓപ്പണിങ്ങ് ഗ്ലാസ്റൂഫ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എന്നീ സൗകര്യങ്ങളുണ്ടാവും.

Read More; അംബാസിഡറിനെ ഏറ്റെടുത്ത പ്യൂഷെ ഇന്ത്യയിലെത്തുന്നു

കോംപാക്ട് , മിഡ് സൈസ് കാറുകള്‍ക്ക് വേണ്ടി പ്യൂഷേ നിര്‍മിച്ച എഫിഷ്യന്റ് മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് പ്യൂഷേ 3008 വരുന്നത്. ഡീസല്‍ ജി.ടി. വേരിയന്റില്‍ സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള 2.0 ലിറ്റര്‍ ബ്ലൂ എച്ച്.ഡി.ഐ. എന്‍ജിനാണ്. പെട്രോള്‍ വേര്‍ഷനിലാകട്ടെ 1.2 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 

Peugeot
Courtesy; Peugeot