കാറിന്റെ ഇന്ധന ടാങ്കിൽനിന്ന് എൻജിനിലേക്കുള്ള റബ്ബർ പൈപ്പിൽ വണ്ട് ഉണ്ടാക്കിയ ചെറു ദ്വാരങ്ങൾ
കാര്‍ അടക്കമുള്ള വാഹനങ്ങളിലെ ഇന്ധന ടാങ്കില്‍നിന്നുള്ള റബ്ബര്‍ പൈപ്പുകള്‍ വണ്ടുകള്‍ തുരക്കുന്നതുകാരണം ഉണ്ടാകുന്ന പെട്രോള്‍ ചോര്‍ച്ചയ്ക്ക് പരിഹാരം കാണണമെന്ന് എ.ആര്‍.എ.ഐ. (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ). റബ്ബര്‍ പൈപ്പുകള്‍ തുരക്കുന്നതുകാരണം ഇന്ധനം ചോര്‍ന്ന് വാഹനം കത്താന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തല്‍ അതിഗുരുതരമാണെന്ന് ഏജന്‍സി വിലയിരുത്തി. അതിനാല്‍ സത്വര പരിശോധന നടത്താന്‍ വാഹന നിര്‍മാതാക്കള്‍ക്കും പൈപ്പുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി.
പുണെ എ.ആര്‍.എ.ഐ. ഡയറക്ടര്‍ ഡോ. റെജി മത്തായി മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചതാണിക്കാര്യം. 'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് എ.ആര്‍.എ.ഐ.ക്ക് നോട്ടീസ് അയച്ചത്. വാഹനവ്യവസായികള്‍ക്കും കേന്ദ്രസര്‍ക്കാരിനും പങ്കാളിത്തമുള്ള വ്യവസായ ഗവേഷണ സ്ഥാപനമാണ് എ.ആര്‍.എ.ഐ. വണ്ടുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന അസംസ്‌കൃതപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പൈപ്പ് നിര്‍മിക്കാനും അല്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ മറ്റ് സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നുമാണ് നിര്‍ദേശം.

വിഷയത്തിന്റെ ഗൗരവം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കും പ്രശ്‌നം പരിഹരിക്കാന്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ്, ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു.
നിലവില്‍ വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളില്‍ രണ്ടുമുതല്‍ 15 ശതമാനം വരെ എഥനോള്‍ സാന്നിധ്യമുണ്ടെന്നും ഇവ ആഹാരമാക്കാനെത്തുന്ന ചെറുവണ്ടുകള്‍ പൈപ്പുകളില്‍ ദ്വാരമുണ്ടാക്കുന്നതായാണ് കരുതുന്നതെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. മനോജ്കുമാര്‍ മറുപടി നല്‍കി.
മെക്കാനിക്ക് പവിത്രന്‍മുതല്‍ ശാസ്ത്രജ്ഞര്‍വരെ
സംസ്ഥാനത്ത് വിവിധ കമ്പനികളുടെ നൂറുകണക്കിന് കാറുകളിലാണ് അഞ്ചുമാസത്തിനിടെ പെട്രോള്‍ ചോര്‍ച്ചയുണ്ടായത്. കാറിന്റെ ഇന്ധനടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ പൈപ്പിലാണ് ചോര്‍ച്ച. ദ്വാരമുണ്ടാക്കുന്നത് ചെറുവണ്ടുകളാണെന്ന് കാലിക്കടവ് ആണൂരില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രന്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തി. 'മാതൃഭൂമി' ഇതേക്കുറിച്ച് വാര്‍ത്ത നല്‍കി.
.jpg?$p=2b3986c&&q=0.8)
പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും ഇതിനെ സര്‍വകലാശാലയുടെ വെള്ളായണി കേന്ദ്രത്തിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സ്‌കോളിറ്റിഡേ കുടുബത്തില്‍പ്പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് ഇവയെന്ന് ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തില്‍ കണ്ടെത്തി. മരം, റബ്ബര്‍, സ്റ്റീല്‍ തുടങ്ങിയവ ഇത് തുരക്കും.
Content Highlights: Petrol leaks in cars; A proposal to build a petrol pipe that cannot be drilled by beetles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..