ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് നിരത്തിലെത്തിയ ഏറ്റവും മികച്ച എസ്‌യുവിയായ ഹാരിയറിന് ഇനി കൂടുതല്‍ സുരക്ഷ. ഹാരിയര്‍ എസ്‌യുവിക്കായി പെന്റാ കെയര്‍ എന്ന പുതിയ വാറന്റി പാക്കേജാണ് ഹാരിയര്‍ ഒരുക്കിയിരിക്കുന്നത്. കിലോമീറ്റര്‍ പരിധിയില്ലാതെ അഞ്ച് വര്‍ഷം വരെ അധിക വാറന്റി ഒരുക്കുന്നതാണ് പുതിയ പാക്കേജ്.

ഹാരിയറിന്റെ പുതിയ പതിപ്പായ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹാരിയര്‍ പതിപ്പിനായി പുതിയ വാറന്റി പദ്ധതിയും ടാറ്റ ഒരുക്കിയിരിക്കുന്നത്. ഹാരിയറിന്റെ ആദ്യ ഘട്ടത്തില്‍ രണ്ടുവര്‍ഷത്തെ വാറന്റ് പാക്കേജായിരുന്നു നിര്‍മാതാക്കള്‍ നല്‍കിയിരുന്നത്. 

25,960 രൂപ നല്‍കിയാണ് അഞ്ച് വര്‍ഷത്തെ പെന്റാ കെയര്‍ വാറന്റി പരിരക്ഷ ഉറപ്പാക്കുന്നത്. വാഹനം വാങ്ങി മൂന്ന് മാസം വരെ ഈ സൗകര്യം ഉപയോക്താവിന് ലഭ്യമാക്കാനുള്ള സംവിധാനവും ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്.

എന്‍ജിന്‍, എന്‍ജിന്‍ മാനേജ്‌മെന്റ്, എസി, ഗിയര്‍ബോക്‌സ്, ഫ്യൂവല്‍ പമ്പ്, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, തുടങ്ങി വാഹനത്തിന്റെ സുപ്രധാന ഭാഗങ്ങളെല്ലാം കിലോമീറ്റര്‍ പരിധിയില്ലാതെ വാറന്റിയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇതിനുപുറമെ, ക്ലെച്ച്, സസ്‌പെന്‍ഷന്‍ എന്നീ പാര്‍ട്‌സുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് 50,000 കിലോമീറ്റര്‍ വരെ വാറന്റി ലഭ്യമാക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Content Highlights: Penta Care Warranty Package For Tata Harrier