മാര്‍ച്ചില്‍ രാജ്യത്ത് യാത്രാ വാഹനങ്ങളുടെ ചില്ലറവില്‍പ്പനയില്‍ 28.39 ശതമാനം വര്‍ധന. 2,79,745 യാത്രാ വാഹനങ്ങളാണ് മാര്‍ച്ചില്‍ പുതുതായി രജിസ്റ്റര്‍ചെയ്തത്. അതേസമയം, ഇരുചക്ര വാഹന രജിസ്‌ട്രേഷനില്‍ 35.26 ശതമാനം ഇടിവുണ്ടായതായി വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) അറിയിച്ചു.

കോവിഡ് പ്രതിസന്ധിക്കു തുടക്കമിട്ട 2020 മാര്‍ച്ചില്‍ 2,17,879 യാത്രാ വാഹനങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത്തവണയിത് 2,79,745 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 1482 റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ 1277 എണ്ണത്തില്‍നിന്നു ശേഖരിച്ച കണക്കുകള്‍ പ്രകാരമാണിതെന്നും ഫാഡ വ്യക്തമാക്കി. 

ഇരുചക്രവാഹന വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവുണ്ടായിട്ടുണ്ട്. 2020 മാര്‍ച്ചില്‍ 18,46,613 ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ 11,95,445 എണ്ണം മാത്രമാണ്. 6,51,168 എണ്ണത്തിന്റെ കുറവാണുണ്ടായത്.

വാണിജ്യവാഹന വില്‍പ്പനയില്‍ ഇടിവ് 42.2 ശതമാനമാണ്. മുന്‍വര്‍ഷത്ത 1,16,559 എണ്ണത്തില്‍നിന്ന് 67,372 എണ്ണമായാണ് കുറഞ്ഞത്. മുച്ചക്രവാഹനങ്ങളുടെ വില്‍പ്പന 2020 മാര്‍ച്ചിലെ 77,173 എണ്ണത്തില്‍നിന്ന് 38,034 എണ്ണമായി കുറഞ്ഞു. ഇടിവ് 50.72 ശതമാനം. അതേസമയം, ട്രാക്ടര്‍ വില്‍പ്പന 29.21 ശതമാനം കൂടി. 2020 മാര്‍ച്ചിലെ 53,463 എണ്ണത്തില്‍നിന്ന് 69,082 എണ്ണമായാണ് വര്‍ധന.

യാത്രാവാഹനങ്ങളുടെ എണ്ണത്തില്‍ മികച്ച മുന്നേറ്റമുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളുടെയും വാണിജ്യവാഹനങ്ങളുടെയും വില്‍പ്പനത്തകര്‍ച്ച മൊത്തം രജിസ്‌ട്രേഷനുകളിലും പ്രതിഫലിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ 23,11,687 എണ്ണത്തില്‍നിന്ന് 16,49,678 എണ്ണമായാണ് രജിസ്‌ട്രേഷന്‍ കുറഞ്ഞത്. ഇടിവ് 28.64 ശതമാനം.

Content Highlights: Passenger Vehicle Sales Report 28% Growth In March 2021