നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള പറക്കും കാര്‍ നിര്‍മാതാക്കളായ പാല്‍-വി(പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍) ഇന്ത്യയിലുമെത്തുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനി 2021-ഓടെ നിര്‍മാണം ആരംഭിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കമ്പനി അധികൃതരും ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങില്‍ ഒപ്പുവെച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ലിബര്‍ട്ടി പൈനിയര്‍, ലിബര്‍ട്ടി സ്പോര്‍ട്ട് എന്നീ രണ്ട് മോഡലുകളായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് സൂചന. പിഎഎല്‍-വി ലിബര്‍ട്ടി പൈനിയര്‍ എഡിഷന് 3.5 കോടി രൂപയായിരിക്കും വിലയെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ഏകദേശം 2.1 കോടി രൂപയായിരിക്കും ലിബര്‍ട്ടി സ്‌പോര്‍ട്ടിന്റെ വില. നിലവില്‍ 110 ബുക്കിങ്ങുകള്‍ പറക്കും കാറിന് ലഭിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹെലികോപ്റ്ററിനെ ആധാരമാക്കി നിര്‍മിച്ച മുചക്ര വാഹനത്തില്‍ ഒരെ സമയം രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. റോഡിലൂടെ മണിക്കൂറില്‍ 170 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പാല്‍-വി പറക്കും കാറിന് സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തിലാവും പറക്കല്‍. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ കഴിയും. 100 ലിറ്റര്‍ ഇന്ധനം നിറയ്ക്കാം.