നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള പറക്കും കാര്‍ നിര്‍മാതാക്കളായ പാല്‍-വി(പേര്‍സണ്‍ എയര്‍ ലാന്‍ഡ് വെഹിക്കിള്‍) ഇന്ത്യയിലുമെത്തുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനി 2021-ഓടെ നിര്‍മാണം ആരംഭിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കമ്പനി അധികൃതരും ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങില്‍ ഒപ്പുവെച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ലിബര്‍ട്ടി  പൈനിയര്‍, ലിബര്‍ട്ടി സ്പോര്‍ട്ട് എന്നീ രണ്ട് മോഡലുകളായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് സൂചന. പിഎഎല്‍-വി ലിബര്‍ട്ടി പൈനിയര്‍ എഡിഷന് 3.5 കോടി രൂപയായിരിക്കും വിലയെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ഏകദേശം 2.1 കോടി രൂപയായിരിക്കും ലിബര്‍ട്ടി സ്‌പോര്‍ട്ടിന്റെ വില. നിലവില്‍ 110 ബുക്കിങ്ങുകള്‍ പറക്കും കാറിന് ലഭിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

ഹെലികോപ്റ്ററിനെ ആധാരമാക്കി നിര്‍മിച്ച മുചക്ര വാഹനത്തില്‍ ഒരെ സമയം രണ്ടു പേര്‍ക്ക് സഞ്ചരിക്കാം. റോഡിലൂടെ മണിക്കൂറില്‍ 170 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പാല്‍-വി പറക്കും കാറിന് സാധിക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തിലാവും പറക്കല്‍. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ 500 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാന്‍ കഴിയും. 100 ലിറ്റര്‍ ഇന്ധനം നിറയ്ക്കാം.

666.jpg

രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. കാറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ഇതിനെ പറക്കും കാറാക്കുന്നത്. കാറിന് സ്ഥിരത നല്‍കാന്‍ മുകളില്‍ റോട്ടറുമുണ്ട്. നിലത്തിറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ ഇതിന് പത്തു മിനിറ്റ് മാത്രം മതിയെന്നാണ് അവകാശവാദം.

അഞ്ചു വര്‍ഷം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് പാല്‍-വി എത്തുന്നത്. സാധാരണ വിമാനങ്ങളില്‍നിന്നും വ്യത്യസ്തമായി നില്‍ക്കുന്നിടത്തു നിന്ന് പറന്നുയരാന്‍ ഇതിന് കഴിയും. കാര്‍ മോഡില്‍നിന്ന് ചിറകുവിരിച്ച് ഫ്‌ലൈ മോഡിലേക്ക് മാറാന്‍ 5-10 മിനിറ്റാണ് ആവശ്യം. നിരത്തിലോടുമ്പോള്‍ 99 ബിഎച്ച്പി കരുത്തും പറന്നുയരുമ്പോള്‍ പരമാവധി 197 ബിഎച്ച്പി കരുത്തും എഞ്ചിന്‍ നല്‍കും. 

665.jpg

എഞ്ചിനൊപ്പം ഫ്‌ലൈയിങ് ലീഫ് പ്രവര്‍ത്തിക്കുമ്പോള്‍ ഹെലികോപ്റ്ററിനെക്കാള്‍ വളരെ കുറഞ്ഞ ശബ്ദമാണ് പറക്കും കാറിന്റെ പ്രധാന മേന്മ. ഇത് പറത്തണമെങ്കില്‍ ഏതെങ്കിലും ഒരു ഫ്ളൈറ്റ് സ്‌കൂളില്‍ നിന്നെടുത്ത ലൈസന്‍സ് നിര്‍ബന്ധമാണ്. വാഹനത്തിന്റെ പെര്‍ഫോമെന്‍സ്, നാവിഗേഷന്‍, ഇന്‍സ്ട്രുമെന്റ്സ്, എയറോഡൈനാമിക്സ് എന്നിവയെക്കുറിച്ച് മിനിമം ധാരണ ലൈസന്‍സ് ലഭിക്കാന്‍ അത്യാവശ്യമാണ്.

Content Highlights: PAL-V Flying Car Coming To India