എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വിക്ക് വിപണിയില്‍ മികച്ച പ്രതികരണം. ജൂണ്‍ അവസാന വാരത്തോടെ വിപണിയിലെത്തിയ ഹെക്ടറിന്റെ 1508 യൂണിറ്റുകള്‍ ജൂലായ് മാസം വിറ്റഴിച്ചതായി എംജി അറിയിച്ചു. ഉയര്‍ന്ന ബുക്കിങ് കാരണം നിലവില്‍ ഹെക്ടറിനുള്ള ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയുമാണ്. 

ശക്തരായ ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ എന്നിവയ്ക്കിടയില്‍ മത്സരിക്കാനെത്തിയ ഹെക്ടറിന് 12.81 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് ഹെക്ടറിനുള്ളത്. കരുത്തുറ്റ രൂപത്തിനൊപ്പം ഡ്രൈവര്‍ക്ക് സഹായകരമാകുന്ന നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുമാണ് ഹെക്ടറിന് വിപണിയില്‍ തുണയായതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

28,000 ത്തോളം ബുക്കിങ് നിലവില്‍ ഹെക്ടറിന് ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ബുക്കിങ് പെട്രോള്‍ മോഡലുകള്‍ക്കാണെന്നും കമ്പനി വ്യക്തമാക്കി. ആവശ്യക്കാര്‍ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശിലെ അനന്തപുര്‍ പ്ലാന്റിലെ മാസംതോറുമുളള പ്രൊഡക്ഷന്‍ യൂണിറ്റിന്റെ എണ്ണം സെപ്തംബറോടെ 3000 ആക്കി ഉയര്‍ത്താനും എംജി ലക്ഷ്യമിടുന്നുണ്ട്. ബുക്കിങ് വീണ്ടും ആരംഭിക്കുന്ന തിയതി വൈകാതെ കമ്പനി അറിയിക്കും. 

ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്‌സ് എതിരാളികളില്‍നിന്ന് ഹെക്ടറിനെ വ്യത്യസ്തനാക്കും. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്. 

Content Highlights; over 1500 units of MG Hector SUV sold in july, MG Hector Sales, Hector SUV