ഇന്ത്യയിലിറങ്ങുന്ന പത്ത് വാഹനങ്ങളില്‍ ഒന്ന് കിയ; വന്‍ കുതിപ്പുമായി സെല്‍റ്റോസും കാര്‍ണിവലും


സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയാണ് കിയ ഇന്ത്യയില്‍ ആദ്യമെത്തിച്ച വാഹനം.

ന്ത്യന്‍ നിരത്തുകളില്‍ ഒരുവര്‍ഷത്തിന്റെ മാത്രം പാരമ്പര്യമുള്ള വാഹനനിര്‍മാതാക്കളാണ് കിയ മോട്ടോഴ്‌സ്. ഇന്ത്യയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് മോഡലുകള്‍ നിരത്തിലെത്തിച്ച കിയ മോട്ടോഴ്‌സ് ഇപ്പോള്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇറങ്ങുന്ന പത്ത് വാഹനങ്ങളില്‍ ഒന്ന് കിയയുടേതായി മാറിക്കഴിഞ്ഞതായി റിപ്പോര്‍ട്ട്.

സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്‌യുവിയാണ് കിയ ഇന്ത്യയില്‍ ആദ്യമെത്തിച്ച വാഹനം. ആറ് മാസങ്ങള്‍ക്കുശേഷം കാര്‍ണിവല്‍ എന്ന ആഡംബര എംപിവിയും കിയ എത്തിച്ചിരുന്നു. രണ്ട് വാഹനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ഫെബ്രുവരി മാസത്തെ ഇന്ത്യയിലെ വാഹനവില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തേക്ക് കിയ എത്തിയിരുന്നു.

ഇന്ത്യയിലെ ആളുകളുടെ വാഹനപ്രേമം സെഡാനില്‍ നിന്ന് കോംപാക്ട് എസ്‌യുവിയിലേക്കും, എസ്‌യുവിയിലേക്കും മാറിയതാണ് കിയയ്ക്ക് വളമായതെന്നാണ് കണക്കാക്കുന്നത്. വരവിന് മുമ്പ് കിയ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ കരുത്തുറ്റ എസ്‌യുവി ശ്രേണി ഇറക്കാന്‍ തീരുമാനിച്ചത്. കിയ ഇനിയെത്തിക്കുന്നത് സോണറ്റ് എന്ന കോംപാക്ട് എസ്‌യുവിയാണ്.

ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലായി 16 വേരിയന്റുകളായാണ് കിയ ഇന്ത്യയുടെ ഒന്നാമനായ സെല്‍റ്റോസ് നിരത്തിലെത്തിയിട്ടുള്ളത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.