ബി.എം.ഡബ്ല്യു X3 xDrive 30i SportX | Photo: BMW India
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്.യു.വി. മോഡലായ X3-യുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. X3 xDrive 30i SportX എന്നാണ് ഈ പതിപ്പിന് നിര്‍മാതാക്കള്‍ പേര് നല്‍കിയിട്ടുള്ളത്. X3 നിരയിലെ ഏറ്റവും വില കുറവുള്ള മോഡല്‍ എന്ന പ്രത്യേകതയില്‍ എത്തിയിട്ടുള്ള ഈ എസ്.യു.വിക്ക് 56.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. X3 റെഗുലര്‍ നിരയുടെ വില 61.80 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
മുമ്പ് നിരത്തുകളില്‍ എത്തിയിട്ടുള്ള X3-ക്ക് സമാനമായ ഡിസൈനിലാണ് പുതിയ മോഡലും ഒരുക്കിയിട്ടുള്ളത്. ബി.എം.ഡബ്ല്യു സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ല്, എല്‍.ഇ.ഡി. ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഫോഗ്‌ലാമ്പ് എന്നിവയിലാണ് മുഖഭാവം ഡിസൈന്‍ ചെയ്തിട്ടുള്ളത്. എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, റൂഫ് സ്‌പോയിലര്‍, രണ്ട് വശങ്ങളിലും നല്‍കിയിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയാണ് പിന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്.
ബി.എം.ഡബ്ല്യുവിന്റെ കണക്ടഡ് ഫീച്ചറുകളുടെ അകമ്പടിയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പാര്‍ക്കിങ്ങ് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ, വെര്‍ച്വല്‍ അസിസ്റ്റ്, 3ഡി നാവിഗേഷന്‍ എന്നിവ ലഭ്യമാകുന്ന 8.8 ഇഞ്ച് ലൈവ് കോക്ക്പിറ്റ് ടച്ച് സ്‌ക്രീന്‍ സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചര്‍. 5.1 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നതിനുള്ള അനലോഗ് ഡയല്‍, പനോരമിക് സണ്‍റൂഫ്, ആറ് ഡിസൈനിലുള്ള ആംബിയന്റ് ലൈറ്റ് എന്നിവയും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.
പെട്രോള്‍ എന്‍ജിനിലാണ് ബി.എം.ഡബ്ല്യു X3 xDrive 30i SportX എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 248 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്‌റ്റെപ്പ്‌ട്രോണിക് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ എസ്.യു.വിക്കുണ്ട്.
ഈ മാസം 28-ന് ബി.എം.ഡബ്ല്യു ഓണ്‍ലൈന്‍ ഷോപ്പിലൂടെ ഈ മോഡല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1.50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. സര്‍വീസ് ഇന്‍ക്ല്യുസീവ് പാക്കേജ്, ബി.എം.ഡബ്ല്യു ആക്‌സസറി പാക്കേജ് തുടങ്ങിയവയാണ് പാക്കേജില്‍ ഒരുക്കിയിട്ടുള്ളത്. സര്‍വീസ് പാക്കേജില്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെയുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എല്‍.ഇ.ഡി. ഡോര്‍ പ്രൊജക്ടറുകള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവാണ് ആക്‌സസറിയിലുള്ളത്.
Content Highlights: On a Mission The new BMW X3 xDrive30i SportX launched in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..